ഐറിഷ് പൗരത്വം ഇനി അത്ര എളുപ്പമല്ല; യോഗ്യതാ കാലാവധി എട്ട് വർഷമാക്കാൻ നീക്കം.
ഡബ്ലിൻ: അയർലൻഡിൽ പൗരത്വ അപേക്ഷയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. പൗരത്വത്തിന് അപേക്ഷിക്കാനുള്ള കുറഞ്ഞ താമസകാലയളവ് നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് എട്ട് വർഷമായി ഉയർത്തുന്നതടക്കമുള്ള നിർണായക വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ‘ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അമെൻഡ്മെന്റ് ബിൽ 2026’ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗൻ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. മലയാളികളടക്കം അയർലൻഡിൽ ജോലി ചെയ്ത് താമസിക്കുന്ന പതിനായിരക്കണക്കിന് വിദേശ കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്നതാണ് ഈ നീക്കം.
താമസകാലയളവ് ഉയർത്തുന്നതിന് പുറമെ അപേക്ഷകർക്ക് ഇംഗ്ലീഷിലോ ഐറിഷിലോ ഉള്ള ഭാഷാ പരിജ്ഞാനവും അയർലൻഡിന്റെ രാഷ്ട്രീയം, ഭരണസംവിധാനം, മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പൗരബോധ പരിശോധനയും നിർബന്ധമാക്കാൻ നിർദേശമുണ്ട്. കൂടാതെ അപേക്ഷകർ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും ദീർഘകാലം സർക്കാർ സോഷ്യൽ വെൽഫെയർ ആനുകൂല്യങ്ങളെയോ സോഷ്യൽ ഹൗസിംഗിനെയോ ആശ്രയിച്ചവരാകരുത് എന്നും പുതിയ കരട് വ്യവസ്ഥകളിൽ പറയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവാണ് പൗരത്വ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
ബിൽ പാർലമെന്റിന്റെ ജസ്റ്റിസ് കമ്മിറ്റിയുടെ പരിശോധനയ്ക്കും ഡെയിൽ, സിനഡ് സഭകളുടെ അംഗീകാരത്തിനും വിധേയമാകേണ്ടതുണ്ട്. അതിനാൽ പുതിയ പൗരത്വ പരീക്ഷണ സംവിധാനങ്ങളും വ്യവസ്ഥകളും പൂർണ്ണതോതിൽ നടപ്പിലാകാൻ 2027 വരെയെങ്കിലും സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ അഞ്ച് വർഷം പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചവർക്കും ഉടൻ അപേക്ഷിക്കാൻ ഇരിക്കുന്നവർക്കും പഴയ നിയമത്തിന്റെ ഇളവുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ കരട് ബിൽ പുറത്തുവന്ന ശേഷമേ വ്യക്തത വരികയുള്ളൂ.
ലേബർ പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ഐറിഷ് റഫ്യൂജി കൗൺസിലും എട്ട് വർഷത്തെ കാത്തിരിപ്പ് കാലാവന്ധിയെ ശക്തമായി എതിർത്തിട്ടുണ്ട്. വർഷങ്ങളായി രാജ്യത്ത് ജോലി ചെയ്ത് നികുതി അടയ്ക്കുന്നവരെ കൂടുതൽ കാലം അനിശ്ചിതത്വത്തിലാക്കുന്നത് സാമൂഹിക സംയോജനത്തിന് തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഭാഷാ-പൗരബോധ പരിശോധനകളെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്ന നടപടിയായാണ് സർക്കാർ ന്യായീകരിക്കുന്നത്.