Sathyian Nedumancherriyil

Subject : ഏഥൻസിൽ സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ മൃതദേഹം യുകെ സ്വദേശിനിയുടേതെന്ന് സ്ഥിരീകരിച്ചു.

ഏഥൻസിൽ സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ മൃതദേഹം യുകെ സ്വദേശിനിയുടേതെന്ന് സ്ഥിരീകരിച്ചു.

ഏഥൻസ്: ഗ്രീസിലെ ഏഥൻസിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയ മൃതദേഹം 38 വയസ്സുകാരിയായ ബ്രിട്ടീഷ് വനിതയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 18-നാണ് മൃതദേഹം കണ്ടെത്തിയത്. 11 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്റർപോളിന്റെയും യു.എസ് അധികൃതരുടെയും സഹായത്തോടെ നടത്തിയ ഡിഎൻഎ, വിരലടയാള പരിശോധനകളിലൂടെയാണ് കൊല്ലപ്പെട്ടത് സ്കോട്ട്‌ലൻഡിൽ ജനിച്ച ബ്രിട്ടീഷ് പൗരയാണെന്ന് തിരിച്ചറിഞ്ഞത്.

സെൻട്രൽ ഏഥൻസിലെ കിപ്സെലിയിലുള്ള വിജനമായ ഒരു കെട്ടിടത്തിൽ നിന്നും ഒരു സന്യസി (ഹോംലെസ്സ് മാൻ) ആണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. മരിച്ച സ്ത്രീ ജൂൺ 29-ന് സൈപ്രസ് വഴി അമേരിക്കയിൽ നിന്നാണ് ഗ്രീസിലെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നുമാണ് ഗ്രീക്ക് പോലീസ് കണക്കാക്കുന്നത്. എന്നാൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മറ്റ് പരിക്കുകളോ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. പ്രതികളെ കണ്ടെത്താനായി വിമാനക്കമ്പനികളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കേസ് അന്വേഷണത്തിൽ ബ്രിട്ടീഷ് ഏജൻസികളും പങ്കാളികളായേക്കുമെന്നാണ് സൂചന.