എൻഎച്ച്എസ് പുതിയ മാർഗ്ഗനിർദ്ദേശം; ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ചികിത്സാ വൈകലിനും വിവേചനത്തിനും സാധ്യതയെന്ന് റിപ്പോർട്ട്.
ലണ്ടൻ: ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് തങ്ങൾ ജീവിക്കുന്ന ലിംഗത്വത്തിന് അനുസരിച്ചുള്ള വാർഡുകൾ ഇനി മുതൽ അനുവദിക്കില്ലെന്ന എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ (NHS England) പുതിയ മാർഗ്ഗനിർദ്ദേശം അവർക്ക് കടുത്ത വിവേചനത്തിനും ചികിത്സാ വൈകലുകൾക്കും വഴിവെച്ചേക്കുമെന്ന് ആഭ്യന്തര റിപ്പോർട്ട്.
സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ സിംഗിൾ-സെക്സ് വാർഡുകൾ വേണമെന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. ജൈവീക ലിംഗഭേദത്തിന്റെ (Biological Sex) അടിസ്ഥാനത്തിൽ മാത്രമേ വാർഡുകൾ അനുവദിക്കാവൂ എന്നും പുതിയ നിർദ്ദേശത്തിലുണ്ട്. എന്നാൽ ആവശ്യത്തിന് പ്രൈവറ്റ് മുറികൾ (Side rooms) ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ ഇടനാഴികളിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്ന ‘കോറിഡോർ കെയർ’ (Corridor Care) കൂടാൻ സാധ്യതയുണ്ടെന്നും ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.
സ്വന്തം ജൈവീക ലിംഗത്വത്തിന് അനുസരിച്ചുള്ള വാർഡുകളിൽ നിർബന്ധിച്ച് പ്രവേശിപ്പിക്കപ്പെടുന്നത് ട്രാൻസ് വ്യക്തികളിൽ വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകും. കൂടാതെ ആശുപത്രികളിൽ എത്തുമ്പോൾ സ്വന്തം ലിംഗത്വം പരസ്യപ്പെടാനുള്ള ഭയം മൂലം പലരും ചികിത്സ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്തേക്കാം. അതേസമയം സിസ്ജെൻഡർ (Cisgender), ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ തമ്മിലുള്ള നല്ല ബന്ധം തകരാനും ജീവനക്കാർ ഇരു വിഭാഗങ്ങളുടെയും ആവശ്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തർക്കങ്ങൾ ഉണ്ടാകാനും ഇത് വഴിവെച്ചേക്കാം.
2025-ലെ സുപ്രീം കോടതി വിധിപ്രകാരം സമത്വ നിയമത്തിലെ (Equality Act) ‘സ്ത്രീ’, ‘ലിംഗഭേദം’ എന്നീ പദങ്ങൾ ജൈവീകമായി സ്ത്രീകളായവരെ മാത്രമാണ് സൂചിപ്പിക്കുന്നതെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൻഎച്ച്എസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയത്. വിവേചന സാധ്യതകൾ പരമാവധി കുറയ്ക്കാൻ ക്ലിനിക്കൽ മുൻഗണനകൾക്ക് പ്രാധാന്യം നൽകുമെന്നും അത്യാഹിത വിഭാഗത്തിലും ഐസിയുവിലും ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്നും എൻഎച്ച്എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.