എ.ഐ സുരക്ഷാ ആശങ്കകൾക്കിടെ കർശന നിയന്ത്രണങ്ങൾക്ക് ആഹ്വാനം ചെയ്ത് ഓപ്പൺ എ.ഐ.
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുണ്ടാകുന്ന വേഗത്തിലുള്ള വളർച്ചയും അതുയർത്തുന്ന സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് സാങ്കേതികവിദ്യയ്ക്ക് മേൽ കർശന നിയമനിർമ്മാണം നടത്താൻ ബ്രിട്ടീഷ് പാർലമെന്റിനോട് ആഹ്വാനം ചെയ്ത് ഓപ്പൺ എ.ഐ (OpenAI). എ.ഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് എതിരാളികളായ ആന്ത്രോപിക് (Anthropic) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചാറ്റ് ജി.പി.ടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എ.ഐയും യുകെ സർക്കാരിനോട് അടിയന്തര നിയമനിർമ്മാണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓപ്പൺ എ.ഐ ഉൾപ്പെടെയുള്ള വൻകിട എ.ഐ കമ്പനികൾക്കായി കൂടുതൽ ശക്തമായ നിയമങ്ങൾ യുകെയിൽ കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ഓപ്പൺ എ.ഐ യൂറോപ്യൻ പോളിസി വിഭാഗം തലവൻ ടോം ഡഫ് ഗോർഡൻ വ്യക്തമാക്കി. എന്നാൽ പുതിയ നിയമങ്ങൾ വൻകിട എ.ഐ ലാബുകൾക്ക് മാത്രം ബാധകമാക്കണമെന്നും വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും കമ്പനി അഭിപ്രായപ്പെട്ടു.
സെർവറുകൾ ഹാക്ക് ചെയ്യപ്പെടൽ, വ്യാജ വിവരങ്ങൾ, അനുമതിയില്ലാത്ത ഫെയ്സ് സ്കാനിംഗ്, ബയോളജിക്കൽ ആയുധ നിർമ്മാണത്തിന് ഉപയോഗിക്കപ്പെടാനുള്ള സാധ്യത തുടങ്ങിയ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എ.ഐ രംഗത്തെ അപകടസാധ്യതകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി സ്വതന്ത്ര മേൽനോട്ട സമിതിയും പുതിയ നിരീക്ഷണ സംവിധാനങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് യുകെ മനുഷ്യാവകാശ പാർലമെന്ററി സമിതിയും നിർദ്ദേശിച്ചു.