Sathyian Nedumancherriyil

Subject : എ.ഐ. ചാറ്റ്‌ബോട്ടും പുത്തന്‍ സൗകര്യങ്ങളുമായി എ.ഐ.ബി. മൊബൈല്‍ ആപ്പ്; പ്രതിമാസ ചാര്‍ജ് ആറ് യൂറോ.

എ.ഐ. ചാറ്റ്‌ബോട്ടും പുത്തന്‍ സൗകര്യങ്ങളുമായി എ.ഐ.ബി. മൊബൈല്‍ ആപ്പ്; പ്രതിമാസ ചാര്‍ജ് ആറ് യൂറോ.

ഡബ്ലിന്‍: മൊബൈല്‍ ബാങ്കിംഗ് അനുഭവം കൂടുതല്‍ ലളിതവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട്, പുതിയ എ.ഐ. അധിഷ്ഠിത ചാറ്റ്‌ബോട്ടും നിരവധി ഡിജിറ്റല്‍ സൗകര്യങ്ങളുമടങ്ങിയ പുതുക്കിയ ആപ്പ് എ.ഐ.ബി. (AIB) ബാങ്ക് അവതരിപ്പിച്ചു. അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാനും ബാങ്കിംഗ് സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനും ഈ ചാറ്റ്‌ബോട്ട് സഹായിക്കും. എങ്കിലും, പുതിയ സേവനങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളില്‍ നിന്ന് പ്രതിമാസം ആറ് യൂറോ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 540 രൂപ) ചാര്‍ജ് ഈടാക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ജനുവരിയില്‍ എ.ഐ.ബിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഏകദേശം 12 മണിക്കൂറോളം പ്രവര്‍ത്തനരഹിതമായത് ആയിരക്കണക്കിന് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയും വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ അനുഭവമാണ് ആപ്പ് പൂര്‍ണമായും നവീകരിക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ സ്ഥലങ്ങളുടെ മാപ്പ് ലൊക്കേഷനും വ്യാപാര സ്ഥാപനങ്ങളുടെ ലോഗോയും ഇതില്‍ പ്രദര്‍ശിപ്പിക്കും. വിരലടയാളം, മുഖം തിരിച്ചറിയല്‍ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങളുമായി ബന്ധിപ്പിച്ച പാസ്‌കീ സാങ്കേതികവിദ്യയാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷത്തിലധികം പുതിയ സേവിംഗ്സ് അക്കൗണ്ടുകളാണ് ബാങ്കില്‍ തുറന്നത്. അതേസമയം, റെവല്യൂട്ട്, മോണ്‍സോ, ബങ്ക് തുടങ്ങിയ ഡിജിറ്റല്‍ ബാങ്കുകള്‍ നല്‍കുന്ന ചില ജനപ്രിയ സേവനങ്ങളായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വെര്‍ച്വല്‍ കാര്‍ഡുകള്‍, മള്‍ട്ടി കറന്‍സി സൗകര്യം, ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം തുടങ്ങിയവ പുതിയ ആപ്പില്‍ ഉണ്ടാകില്ല. എല്ലാവരും ഡിജിറ്റല്‍ ബാങ്കിംഗ് ഇഷ്ടപ്പെടുന്നില്ലെന്നും ശാഖകളിലൂടെയും സേവനം ലഭ്യമാക്കുമെന്നും എ.ഐ.ബി റീട്ടെയിൽ ബാങ്കിംഗ് മേധാവി ജെറാള്‍ഡിന്‍ കേസി പറഞ്ഞു.

. പ്രതിമാസം ആറ് യൂറോ ഫീസ് ഈടാക്കുന്നത് വരുമാനം വര്‍ധിപ്പിക്കാനല്ല, മറിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണെന്നാണ് ബാങ്കിന്റെ വിശദീകരണം. നിലവില്‍ 40 ശതമാനത്തിലധികം ഉപഭോക്താക്കളും യാതൊരു ബാങ്കിംഗ് ഫീസും നല്‍കുന്നില്ല. ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എ.ഐ.ബിയുടെ പുതിയ ആപ്പും അധിക ചാര്‍ജും ഉപഭോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.