ഇറ്റലിയിൽ ശക്തമായ ഭൂചലനം; നിരവധി പേർക്ക് പരിക്ക്, മുന്നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു.
നേപ്പിൾസ്: ദക്ഷിണ ഇറ്റലിയിലെ നേപ്പിൾസിന് സമീപം റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 26 പേർക്ക് പരിക്കേറ്റു. മേഖലയിൽ കഴിഞ്ഞ 40 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വത ക്രേറ്റർ സ്ഥിതി ചെയ്യുന്ന കാംപി ഫ്ലെഗ്രെയിലാണ് ഭൂചലനമുണ്ടായത്. ഇതിനെത്തുടർന്ന് കുന്നിടിഞ്ഞും കെട്ടിടങ്ങൾ തകർന്നും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭൂചലനത്തെത്തുടർന്ന് മണ്ണൊലിപ്പ് ഉണ്ടായതിനെത്തുടർന്ന് പ്രഭവകേന്ദ്രത്തിന് സമീപമുള്ള പോസുവോളി നഗരത്തിൽ നിന്ന് മുന്നൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പരിക്കേറ്റവരിൽ അഞ്ചോളം പേരുടെ നില ഗുരുതരമായതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ആയിരക്കണക്കിന് താമസക്കാരാണ് രാത്രി തെരുവിൽ കഴിഞ്ഞത്. മേഖലയിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇറ്റാലിയൻ സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമെച്ചി മുന്നറിയിപ്പ് നൽകി.
ഭൂചലനത്തിൽ കടുത്ത ഗതാഗത-വൈദ്യുതി തടസ്സങ്ങളാണ് മേഖലയിൽ അനുഭവപ്പെടുന്നത്. വൈദ്യുത ലൈനുകൾ തകർന്നതിനെത്തുടർന്ന് ലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. പോസുവോളിയിലെ ഒരു പ്രധാന ബോട്ട് ജെട്ടി തകരുകയും മറ്റ് ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ആറ് മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. പ്രദേശത്ത് തുടർചലനങ്ങൾ ഇപ്പോഴും രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഇറ്റലിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി അറിയിച്ചു.