ഇറാനെതിരെയുള്ള ആക്രമണം താത്കാലികമായി നിർത്തിവെച്ച് യുഎസ്; സമാധാന ചർച്ചകൾ പുരോഗമിക്കുന്നു.
വാഷിംഗ്ടൺ: മേഖലയിൽ സമ്പൂർണ്ണ യുദ്ധം ഒഴിവാക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഇറാനുനേരെയുള്ള സൈനിക ആക്രമണങ്ങൾ യുഎസ് തുടർച്ചയായ രണ്ടാം ദിവസവും താത്കാലികമായി നിർത്തിവെച്ചു. അഞ്ചുമാസമായി തുടരുന്ന സംഘർഷത്തിൽ നയതന്ത്രപരവും സൈനികവുമായ അടുത്ത നീക്കങ്ങളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിച്ചുവരികയാണ്. ഇതിനിടെ, ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിക്കുമെന്നാണ് വിവരം.
അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെയുള്ള തിരിച്ചടി തങ്ങളും താത്കാലികമായി നിർത്തിവെച്ചതായി ഇറാാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് രാത്രികളായി അമേരിക്കൻ ആക്രമണം ഇല്ലാത്തതിനാലാണ് ഈ തീരുമാനം. ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട്. യുഎസ് പ്രതിനിധികളുമായും ഇറാൻ ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇറാനെതിരെ ശക്തമായ സൈനിക നീക്കം തുടരുന്നതിൽ യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാട്രിയറ്റ് മിസൈൽ ഇന്റർസെപ്റ്ററുകൾ, ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള ആയുധശേഖരത്തിൽ വലിയ കുറവുണ്ടായതാണ് സൈന്യത്തെ ആശങ്കപ്പെടുത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്നും വെള്ളിയാഴ്ച ട്രംപിനെ കണ്ട് യുദ്ധം തുടരുന്നതിലെ അപകടസാധ്യതകൾ ബോധ്യപ്പെടുത്തിയിരുന്നു.
അതേസമയം, യുഎസ് ഇറാനുമായി നടത്തുന്ന ചർച്ചകളെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ശക്തമായി എതിർക്കുന്നുണ്ട്. ഒക്ടോബറിൽ ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇറാന് മേൽ സൈനിക നേട്ടം തെളിയിക്കേണ്ട രാഷ്ട്രീയ സമ്മർദ്ദം നെതന്യാഹുവിനുണ്ട്. വാഷിംഗ്ടണിലേക്ക് തിരിക്കുന്നതിന് മുൻപ് നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കെതിരെ യുഎസ് കർശന നിലപാട് എടുക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനാണ് അമേരിക്ക നിലവിൽ മുൻഗണന നൽകുന്നത്.