ആരാധനാലയത്തിന് സമീപം വിദ്വേഷം പടർത്താൻ ശ്രമം: ടിക് ടോക് സംഘം ലണ്ടൻ പോലീസിന്റെ പിടിയിൽ.
ലണ്ടൻ : ലണ്ടനിലെ ക്ലാപ്റ്റൺ കോമണിലും സ്റ്റാംഫോർഡ് ഹില്ലിലും ജൂത വംശജരെ ലക്ഷ്യമിട്ട് വിദ്വേഷം പടർത്തുന്ന രീതിയിൽ ടിക് ടോക് (TikTok) വീഡിയോകൾ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടൻ സ്വദേശികളായ ആദം ബെദൂയി (20), അബ്ദുൾഖാദർ അമീർ ബൗസ്ലൂബ് (21) എന്നിവർക്കെതിരെയാണ് മതപരമായ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള അതിക്രമങ്ങൾക്കും ശല്യപ്പെടുത്തലുകൾക്കും കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ഒരു സംഘം ആളുകൾ ചേർന്ന് ജൂത സമൂഹത്തിന് നേരെ അതിക്രമം കാണിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥലത്തെത്തുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തിൽ കുറ്റാരോപിതരായ യുവാക്കൾ ശനിയാഴ്ച തേംസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. 1998-ലെ ക്രൈം ആൻഡ് ഡിസോർഡർ ആക്റ്റ് പ്രകാരമുള്ള മതപരമായ പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.