Sathyian Nedumancherriyil

Subject : ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി!

ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി!

ബാങ്കോക്ക്: അടിയന്തര എണ്ണ ശേഖരം അതിവേഗം കുറയുന്നതും സർക്കാരുകളുടെ കടബാധ്യതകൾ വർദ്ധിക്കുന്നതും ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക യോഗങ്ങളുടെ ഭാഗമായി ബാങ്കോക്കിൽ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിലാണ് വരുംനാളുകളിൽ ആഗോള സാമ്പത്തിക രംഗം നേരിടാൻ പോകുന്ന ഭീഷണികളെക്കുറിച്ച് വ്യക്തമാക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധവും അമേരിക്ക-ഇറാൻ സംഘർഷങ്ങളും സൃഷ്ടിച്ച എണ്ണപ്രതിസന്ധിയെ താൽക്കാലികമായി പ്രതിരോധിക്കാൻ അടിയന്തര ഊർജ്ജ ശേഖരം വിപണിയിലെത്തിച്ചത് സഹായിച്ചിരുന്നു. എന്നാൽ നിലവിൽ രാജ്യങ്ങളുടെ കരുതൽ ശേഖരം വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്. വീണ്ടും വിലക്കയറ്റമുണ്ടായാൽ അതിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാരുകളുടെ കൈവശം ആവശ്യത്തിന് ഫണ്ടില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുമെന്ന് ഐഎംഎഫ് ഇക്കണോമിക് കൗൺസിലർ സിൽവാന ടെൻറെയ്റോ പറഞ്ഞു.

ഇത് കണക്കിലെടുത്ത് വിപണിയിലെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും കരുതലുകൾ പുനഃസ്ഥാപിക്കാനും ഭരണാധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ ആവശ്യപ്പെട്ടു. പണപ്പെരുപ്പം ഈ വർഷം 4.7 ശതമാനമായി തുടരുമെന്നാണ് ഏജൻസിയുടെ കണക്കുകൂട്ടൽ. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പെട്ടെന്നുള്ള സാമ്പത്തിക പ്രകമ്പനങ്ങളിൽ പരിഭ്രാന്തരാകാതെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

നടപ്പു വർഷത്തിൽ ആഗോള സാമ്പത്തിക വളർച്ച 3.1 ശതമാനമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുമ്പോഴും, എണ്ണവില വർദ്ധനവും ഭൗമരാഷ്ട്രീയ തർക്കങ്ങളും വിപണിയെ ഇനിയും തളർത്താൻ സാധ്യതയുണ്ട്. ഇതിനൊപ്പം ഉയർന്ന പലിശനിരക്കുകളും ആഗോള സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. നിലവിലെ താൽക്കാലിക പ്രതിരോധ ശേഷിയിൽ മാത്രം മുന്നോട്ട് പോകാനാകില്ലെന്നും ദീർഘകാല സുസ്ഥിരതയ്ക്കായി സർക്കാരുകൾ കർശനമായ ബജറ്റ് അച്ചടക്കം പാലിക്കണമെന്നും ഐഎംഎഫ് ഓർമ്മിപ്പിച്ചു.