അൽഷിമേഴ്സ് വരുംമുമ്പേ തടയാൻ പരീക്ഷണം: ലക്ഷ്യം രോഗലക്ഷണങ്ങളില്ലാത്തവരിലെ പ്രതിരോധം.
ലണ്ടൻ: അൽഷിമേഴ്സ് രോഗം ബാധിക്കുന്നതിന് മുൻപ് തന്നെ അത് തടയാനുള്ള ചരിത്രപരമായ മരുന്ന് പരീക്ഷണത്തിന് തുടക്കമാകുന്നു. രോഗലക്ഷണങ്ങളോ ഓർമ്മക്കുറവോ പ്രകടമാകാത്ത, എന്നാൽ ഭാവിയിൽ രോഗം വരാൻ സാധ്യത കൂടുതലുള്ള നടുവയസ്കരെയാണ് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ഇതിനായി തിരഞ്ഞെടുക്കുന്നത്. ‘പ്രിവെൻട്രോൺ’ (PrevenTRON) എന്ന് പേരിട്ടിരിക്കുന്ന ഈ അന്താരാഷ്ട്ര ഫേസ്-III ക്ലിനിക്കൽ ട്രയലിൽ 55 മുതൽ 80 വയസ്സ് വരെ പ്രായമുള്ള 1,600-ഓളം പേർ പങ്കാളികളാകും.
തുടക്കത്തിൽ, പങ്കാളികൾക്ക് ഓർമ്മപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രത്യേക രക്തപരിശോധന നടത്തും. തലച്ചോറിലെ തകരാറുകൾ മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന ‘p-tau217’ എന്ന ബയോമാർക്കറിന്റെ സാന്നിധ്യം കണ്ടെത്താനാണിത്. ഈ ബയോമാർക്കർ ഉയർന്ന അളവിലുള്ളവർക്ക് അടുത്ത 10 വർഷത്തിനുള്ളിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത 78 ശതമാനത്തോളമാണെന്ന് മുൻ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 95 ശതമാനം കൃത്യതയോടെ അൽഷിമേഴ്സ് കണ്ടെത്താൻ ഈ രക്തപരിശോധനയ്ക്ക് കഴിയും.
സ്വിസ് ഔഷധ നിർമ്മാതാക്കളായ റോഷ് (Roche) വികസിപ്പിച്ച ‘ട്രോണ്ടിനെമാബ്’ (Trontinemab) എന്ന പുതിയ ഔഷധമാണ് ഉയർന്ന p-tau217 അളവുള്ള പങ്കാളികളിൽ പരീക്ഷിക്കുന്നത്. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന ‘അമിലോയിഡ് പ്ലാക്കുകൾ’ (Amyloid plaques) എന്ന വിഷപ്രോട്ടീനുകളെ തകർക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. നേരത്തെയുള്ള പഠനങ്ങളിൽ 28 ആഴ്ചയ്ക്കുള്ളിൽ 90 ശതമാനം രോഗികളിലും ഇവ പൂർണ്ണമായി നീക്കം ചെയ്യാൻ മരുന്നിന് സാധിച്ചിരുന്നു.
വർഷങ്ങളായി രോഗലക്ഷണങ്ങൾ കണ്ടതിനുശേഷമാണ് അൽഷിമേഴ്സിന് ചികിത്സ നൽകിയിരുന്നതെന്നും, എന്നാൽ രോഗം വരുന്നതിന് മുൻപ് തന്നെ അത് തടയുക എന്ന വലിയ മാറ്റത്തിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. യുകെയിലെ 15-ഓളം ആശുപത്രികൾ പങ്കാളികളാകുന്ന ഈ പരീക്ഷണം 4 മുതൽ 6 വർഷം വരെ നീണ്ടുനിൽക്കും. പങ്കാളികൾക്ക് മരുന്നോ പ്ലാസിബോയോ നൽകി നിരീക്ഷിച്ചാകും പഠനഫലം വിലയിരുത്തുക.