അയർലണ്ടിലേക്കുള്ള യാത്രക്ക് ആശ്വാസം; ട്രാവൽ കൺഫർമേഷൻ നോട്ടീസ് സ്കീം നീട്ടി.
അയർലണ്ടിലേക്കുള്ള ട്രാവൽ കൺഫർമേഷൻ നോട്ടീസ് സ്കീം നാലാഴ്ച കൂടി നീട്ടി.
ഡബ്ലിൻ: അയർലണ്ടിൽ താമസിക്കുന്ന ആയിരക്കണക്കിന് നോൺ–ഇഇഎ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും അവധിക്കാല യാത്രാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ട്രാവൽ കൺഫർമേഷൻ നോട്ടീസ് സ്കീം നാലാഴ്ചത്തേക്ക് കൂടി നീട്ടിയതായി ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ഐഎസ്ഡി) സ്ഥിരീകരിച്ചു.
ജനുവരി 31 അർധരാത്രിയോടെ കാലഹരണപ്പെടാനിരുന്ന ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി) കാർഡുകളുടെ സാധുത, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഫെബ്രുവരി 28 വരെ നീട്ടിയതായി ജസ്റ്റിസ് വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് 30ന് വൈകുന്നേരമാണ് പുറത്തിറക്കിയത്.
ഓൺലൈനായി ഐആർപി പുതുക്കലിന് അപേക്ഷ സമർപ്പിച്ചവർക്ക്, പുതിയ കാർഡ് ലഭിക്കുന്നതുവരെ മൂന്ന് രേഖകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവാദമുണ്ട്:
-
ഡൗൺലോഡ് ചെയ്യാവുന്ന ട്രാവൽ കൺഫർമേഷൻ നോട്ടീസ്,
-
അവസാനമായി കൈവശമുണ്ടായിരുന്ന ഐആർപി കാർഡ്,
-
കാർഡ് കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കലിന് അപേക്ഷിച്ചതിന്റെ തെളിവ് (ഐഎസ്ഡി ഇമെയിൽ രസീത് തുടങ്ങിയവ).
ഈ രേഖകൾ നിയമാനുസൃത താമസത്തിന്റെ താൽക്കാലിക തെളിവായി സ്വീകരിക്കണമെന്ന് എയർലൈൻ കമ്പനികൾക്കും അതിർത്തി നിയന്ത്രണ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
രജിസ്ട്രേഷൻ ഓഫീസുകളിൽ അനുഭവപ്പെടുന്ന സീസണൽ സമ്മർദ്ദം കുറയ്ക്കുന്നതിനായി, കഴിഞ്ഞ ഡിസംബറിൽ ഐഎസ്ഡി ഈ ഇളവ് ആറാഴ്ചത്തേക്ക് നീട്ടിയിരുന്നു. ഐആർപി കാർഡ് ലഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ, മൾട്ടിനാഷണൽ കമ്പനികളിലെ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് യാത്രകൾ റദ്ദാക്കുകയോ ചെലവേറിയ സിംഗിൾ/റി-എൻട്രി വിസകൾക്ക് അപേക്ഷിക്കുകയോ ചെയ്യേണ്ടിവന്നേക്കാമായിരുന്നു.
കൃത്യസമയത്ത് പുതുക്കലിന് അപേക്ഷ നൽകിയ താമസക്കാർക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്ന് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി. ഓവർസ്റ്റേയേഴ്സിന് ഇപ്പോഴും റി-എൻട്രി വിസ നിർബന്ധമാണ്.
അവസാനഘട്ടത്തിൽ മാത്രമേ അയർലണ്ടിലേക്കുള്ള പ്രവേശനം ഐറിഷ് അധികൃതർ ഉറപ്പുനൽകുകയുള്ളൂവെന്നതിനാൽ, യാത്രക്കാർ മൂന്ന് രേഖകളുടെയും അച്ചടിച്ച പകർപ്പുകൾ കൈവശം വയ്ക്കണമെന്നും, ട്രാൻസിറ്റ് രാജ്യങ്ങളിലെ വിസ നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.