അമേരിക്കക്കാരെ കെനിയയിലേക്ക് ‘നാടുകടത്താൻ’ ട്രംപ്; എബോള ബാധിതർക്ക് സ്വന്തം നാട്ടിൽ വിലക്ക്; കടുത്ത പ്രതിഷേധം.
വാഷിംഗ്ടൺ : എബോള ബാധിതരായ അമേരിക്കക്കാരെ സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് പകരം, അവർക്കായി കെനിയയിൽ ക്വാറന്റൈൻ, ചികിത്സാ കേന്ദ്രം നിർമ്മിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള വൈറസ് ബാധിച്ചേക്കാവുന്ന അമേരിക്കൻ പൗരന്മാർക്ക് ക്വാറന്റൈനിൽ കഴിയാനാണ് കെനിയയിൽ ഈ സൗകര്യം ഒരുക്കുന്നതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അമേരിക്കയിലേക്ക് ദീർഘദൂരം യാത്ര ചെയ്ത് തിരികെ പോകുന്നതിലെ അപകടസാധ്യതകൾ ഒഴിവാക്കാനും, കോംഗോയിൽ നിന്ന് വേഗത്തിൽ മാറ്റേണ്ടിവരുന്ന അമേരിക്കക്കാർക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കാനുമാണ് ഈ കേന്ദ്രമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രോഗം ബാധിക്കുന്നവർക്ക് ആവശ്യമായ തീവ്രപരിചരണം ഉൾപ്പെടെയുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും.
എന്നാൽ, ഈ തീരുമാനം വലിയ രീതിയിലുള്ള മനുഷ്യാവകാശ, ധാർമ്മിക ആശങ്കകൾക്ക് വഴിതുറന്നിരിക്കുകയാണ്. നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച അത്യാധുനിക ബയോ-കണ്ടെയ്ൻമെന്റ് ചികിത്സാ യൂണിറ്റുകൾ സ്വന്തം നാട്ടിൽ ഉള്ളപ്പോൾ, അമേരിക്കൻ പൗരന്മാർക്ക് അവിടെ ചികിത്സ നിഷേധിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബ്രൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പാൻഡെമിക് സെന്റർ ഡയറക്ടർ ജെന്നിഫർ നുസ്സോ പറഞ്ഞു. രോഗം ബാധിച്ചേക്കാമെന്ന ഭയം കാരണം ആളുകൾ വിവരങ്ങൾ മറച്ചുവെക്കാനും ഇത് വൈറസ് വ്യാപനം വർധിപ്പിക്കാനും കാരണമായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
മുൻകാലങ്ങളിൽ എബോള പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്ന ആരോഗ്യപ്രവർത്തകർക്ക് തങ്ങൾക്ക് രോഗം ബാധിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ സ്വന്തം നാട്ടിൽ ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ, രോഗബാധിതരായാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന അവസ്ഥ വരുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നോട്ടുവരുന്ന അമേരിക്കൻ വിദഗ്ധരുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നുള്ള യാത്രാ അപകടസാധ്യതകൾ വളരെ കുറവാണെന്നിരിക്കെ, ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ യാത്രാവിലക്ക് എബോള പടരുന്നത് തടയാനുള്ള ആഗോള ശ്രമങ്ങൾക്ക് വിപരീതഫലമേ ഉണ്ടാക്കൂ എന്നാണ് വിലയിരുത്തൽ.