Sathyian Nedumancherriyil

Subject : അഭയാർത്ഥികളെ രക്ഷിച്ചതിന് തീവ്ര വലതുപക്ഷ ഭീഷണി; ആർഎൻഎൽഐ ജീവനക്കാർക്ക് സുരക്ഷ ശക്തമാക്കി യുകെ.

അഭയാർത്ഥികളെ രക്ഷിച്ചതിന് തീവ്ര വലതുപക്ഷ ഭീഷണി; ആർഎൻഎൽഐ ജീവനക്കാർക്ക് സുരക്ഷ ശക്തമാക്കി യുകെ.

പൂൾ: ഇംഗ്ലീഷ് ചാനലിൽ അപകടത്തിൽപ്പെടുന്ന അഭയാർത്ഥികളെ രക്ഷപ്പെടുത്തി യുകെ തീരങ്ങളിലെത്തിക്കുന്നതിനെച്ചൊല്ലി തീവ്ര വലതുപക്ഷ പ്രക്ഷോഭകരുടെ ഭീഷണിയും പ്രതിഷേധവും കനത്തതോടെ ‘റോയൽ നാഷണൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ’ (RNLI) സുരക്ഷാ നടപടികൾ ശക്തമാക്കി. ഭീഷണിയോ അപകടസാധ്യതയോ തോന്നുകയാണെങ്കിൽ ചാരിറ്റിയുടെ ഔദ്യോഗിക വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കാൻ സന്നദ്ധപ്രവർത്തകർക്ക് നിർദ്ദേശം നൽകി. കൂടാതെ സുരക്ഷിതമല്ലെന്ന് തോന്നിയാൽ ശാഖകളും ലൈഫ്ബോട്ട് സ്റ്റേഷനുകളും അടച്ചിടാനും നിർദ്ദേശമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരപ്രദേശങ്ങളിലെ ആർഎൻഎൽഐ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷാ പട്രോളിംഗാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ സെക്യൂരിറ്റി ഗാർഡുകൾക്ക് പുറമെ പോലീസ് സേനയും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ചാരിറ്റിയുടെ പൂളിലെ ആസ്ഥാന ഓഫീസിന് മുന്നിലും സ്മാരകങ്ങൾക്ക് ചുറ്റും പ്രത്യേക സുരക്ഷാ വേലികൾ നിർമ്മിച്ചു. തീവ്ര വലതുപക്ഷ പ്രവർത്തകരിൽ നിന്ന് ശക്തമായ ആക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും ഉയർന്നതോടെയാണ് സുരക്ഷ പുനഃപരിശോധിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.

പോർട്സ്മൗത്തിൽ അഭയാർത്ഥികളുമായി വന്ന ഡിങ്കി ബോട്ട് സുരക്ഷിതമായി കരയ്ക്കടുപ്പിച്ചതിന് പിന്നാലെയാണ് ചാരിറ്റിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്. സന്നദ്ധപ്രവർത്തകർക്ക് നേരെ ഓൺലൈനിലൂടെയും നേരിട്ടും വധഭീഷണികളും അധിക്ഷേപങ്ങളും ഉണ്ടാകുന്നതായി അധികൃതർ പറഞ്ഞു. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾ നേരിടാൻ ഡ്രോസെറ്റ്, ഹാംഷെയർ, സസക്സ് പോലീസ് സേനകൾ സംയുക്തമായാണ് ആർഎൻഎൽഐ കെട്ടിടങ്ങൾക്കും ജീവനക്കാർക്കും സംരക്ഷണം ഒരുക്കുന്നത്.

ആക്രമണങ്ങളും ഭീഷണികളും തുടരുമ്പോഴും കടലിൽ അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന ദൗത്യം നിർത്തിവെക്കില്ലെന്ന് ആർഎൻഎൽഐ മാനേജ്‌മെന്റ് വ്യക്തമാക്കി. സന്നദ്ധപ്രവർത്തകരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധിനിവേശത്തിന് കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് ചാരിറ്റിക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നത് തടയാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ പ്രാഥമിക ജീവകാരുണ്യ ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഏജൻസി വ്യക്തമാക്കി.