അംബാസഡർ തോറ്റത് സുരക്ഷാ ടെസ്റ്റിൽ പ്രധാനമന്ത്രി അറിഞ്ഞത് വൈകി, ബ്രിട്ടീഷ് ഭരണകൂടത്തിൽ ഉദ്യോഗസ്ഥപ്പോര്.
ലണ്ടൻ: വാഷിംഗ്ടണിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റർ മന്ദൽസണെ നിയമിക്കുന്നതിന് മുൻപ് അദ്ദേഹം സുരക്ഷാ പരിശോധനയിൽ (Security Vetting) പരാജയപ്പെട്ട വിവരം തന്നെ അറിയിക്കാതിരുന്നത് ‘ക്ഷമിക്കാനാവാത്ത’ തെറ്റാണെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു. ഈ സംഭവത്തിൽ താൻ അതീവ പ്രകോപിതനാണെന്നും, മന്ദൽസണെ അയോഗ്യനാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശുപാർശ ചെയ്ത വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. മന്ദൽസണിന്റെ നിയമനത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് താൻ പാർലമെന്റിൽ ഉറപ്പുനൽകുമ്പോൾ പോലും ഈ രഹസ്യം മറച്ചുവെച്ചത് അവിശ്വസനീയമാണെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു. തനിക്ക് മാത്രമല്ല, മറ്റൊരു മന്ത്രിമാർക്കും ഈ വിവരം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ബാലപീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള മന്ദൽസണിന്റെ അടുത്ത ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയായിരുന്നു 2024-ൽ അദ്ദേഹത്തെ അംബാസഡറായി നിയമിച്ചത്. എന്നാൽ എപ്സ്റ്റീനുമായി അദ്ദേഹം അതീവ രഹസ്യവിവരങ്ങൾ പങ്കുവെച്ചിരുന്നതായി യുഎസ് നീതിന്യായ വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം സ്റ്റാർമർ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ആദ്യ ശുപാർശ മറികടന്ന് ആരാണ് മന്ദൽസണ് അനുമതി നൽകിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സംഭവത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഒല്ലി റോബിൻസിനെ സ്റ്റാർമർ പുറത്താക്കിയിരുന്നു.ഈ വിഷയത്തിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് പ്രധാനമന്ത്രി ഇപ്പോൾ നേരിടുന്നത്.
സുരക്ഷാ പരിശോധനകൾ സ്വതന്ത്രമായി നടന്നുവെന്നും മന്ദൽസണ് ക്ലിയറൻസ് ലഭിച്ചുവെന്നും ഫെബ്രുവരിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ സ്റ്റാർമർ രാജിവെക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബേഡനോക്ക് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പാർലമെന്റിനെ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചോ എന്ന് അന്വേഷിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടിട്ടുണ്ട്. വരും തിങ്കളാഴ്ച പാർലമെന്റിൽ ഹാജരായി സ്റ്റാർമർ ഈ വിഷയത്തിൽ വിശദീകരണം നൽകും.