ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് യുകെയിൽ എത്തുന്ന അമ്മമാർക്ക് കൂടുതൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ നീക്കം!
ലണ്ടൻ: വിദേശത്തുനിന്നും ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് കുട്ടികളുമായി യുകെയിലേക്ക് മടങ്ങിയെത്തുന്ന അമ്മമാർക്ക് കൂടുതൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വിദേശ പങ്കാളികൾ നൽകുന്ന പരാതികളിൽ നിയമപോരാട്ടം നടത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി അന്താരാഷ്ട്ര കുടുംബ നിയമ വകുപ്പ് പ്രത്യേക പരിശോധന നടത്തും. ഹേഗ് കൺവെൻഷൻ നിയമപ്രകാരമുള്ള നടപടികൾ നേരിടുന്ന അമ്മമാർക്കാണ് ഇതിലൂടെ ആശ്വാസം ലഭിക്കുക.
ഗാർഹിക പീഡനങ്ങളെത്തുടർന്ന് വിദേശത്തുനിന്നും യുകെയിലേക്ക് തിരിെച്ചത്തിയ ക്ലെയർ എന്ന അമ്മ തനിക്ക് നേരിടേണ്ടിവന്ന നിയമപരമായ ദുരിതങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കൃത്യമായ നിയമസഹായം ലഭിക്കാത്തതും തെളിവുകൾ അവഗണിക്കപ്പെടുന്നതും ഇത്തരം കേസുകളിൽ അമ്മമാർക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ ഹേഗ് കൺവെൻഷൻ നിയമങ്ങൾ ഇന്നത്തെ കാലഘട്ടത്തിലെ കുടുംബങ്ങളുടെയും ഗാർഹിക പീഡനങ്ങളുടെയും യഥാർത്ഥ അവസ്ഥകൾ കണക്കിലെടുക്കുന്നില്ലെന്ന് കാമ്പെയ്ൻ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
ഹൈക്കോടതിയിൽ എത്തുന്ന ഇത്തരം കേസുകളെക്കുറിച്ച് ആഴത്തിലുള്ള ഡാറ്റകളോ കൃത്യമായ പഠനങ്ങളോ ഇതുവരെ ലഭ്യമായിരുന്നില്ല. പുതിയ സർക്കാർ പരിശോധനയിലൂടെ ഗാർഹിക പീഡന കേസുകൾ അന്താരാഷ്ട്ര ബാലാവകാശ തട്ടിക്കൊണ്ടുപോകൽ നിയമങ്ങളിൽ എങ്ങനെ ബാധകമാകുന്നു എന്ന് പഠിക്കുകയും, അതിജീവിതകൾക്ക് ആവശ്യമായ നിയമസഹായവും വൈകാരിക പിന്തുണയും ഉറപ്പാക്കാനുള്ള വഴികൾ തേടുകയും ചെയ്യും. നിയമസഹായ ലഭ്യതയിലെ അസമത്വവും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
അപകടങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം രാജ്യത്തേക്ക് തിരിെച്ചത്തുന്ന അമ്മമാരെ കുറ്റവാളികളായി കാണുന്ന രീതി മാറേണ്ടതുണ്ടെന്ന് ലിബറൽ ഡെമോക്രാറ്റ് എംപിയായ ലിസ സ്മാർട്ട് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും അമ്മമാരുടെ സുരക്ഷയും വേർതിരിച്ചു കാണാൻ കഴിയില്ലെന്നും, സങ്കീർണ്ണമായ ഇത്തരം നിയമപ്രശ്നങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്നും വിദഗ്ധർ അഭിപ്പ്പെടുന്നു.