യുകെയിൽ സർക്കാർ കടം പ്രതീക്ഷിച്ചതിലും അധികമായി ഉയർന്നത് ആശങ്ക സൃഷ്ടിക്കുന്നു; ബജറ്റിന് മുന്നിൽ പ്രതിസന്ധിയിലായി സർക്കാർ!
ലണ്ടൻ: അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി യുകെ സർക്കാരിന് തിരിച്ചടിയായി കടമെടുപ്പിൽ വർദ്ധനവ്. കഴിഞ്ഞ മാസം സർക്കാർ പ്രതീക്ഷിച്ചതിലും അധികമായി 18.3 ബില്യൺ പൗണ്ടാണ് കടമെടുത്തതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പബ്ലിക് സെക്ടർ നെറ്റ് ബോറോയിംഗ് 2.9 ബില്യൺ പൗണ്ട് കൂടുതലാണ്.
സ്വതന്ത്ര സാമ്പത്തിക പ്രവചകരായ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ (OBR) പ്രവചനങ്ങളെക്കാൾ 3.5 ബില്യൺ പൗണ്ട് അധികമാണ് പുതിയ കണക്കുകൾ. ഈ സാമ്പത്തിക വർഷത്തിന്റെ ഇതുവരെയുള്ള മൊത്തം കടം 77.3 ബില്യൺ പൗണ്ടിലെത്തിയിട്ടുണ്ട്. സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സർക്കാർ നിശ്ചയിച്ച ചെലവഴിക്കൽ പരിധിക്കുള്ളിൽ തന്നെ നിൽക്കുമെന്ന് ചാൻസലർ ജോൺ ഹീലി വ്യക്തമാക്കിയിട്ടുണ്ട്.
കടം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുധനകാര്യത്തിന് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പടിഞ്ഞാറൻ സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് കൃത്യമായ സാമ്പത്തിക അച്ചടക്കം അത്യാവശ്യമാണെന്ന് ട്രെഡറി ചീഫ് സെക്രട്ടറി എമ്മ റെയ്നോൾഡ്സ് പ്രതികരിച്ചു. എന്നാൽ റെക്കോർഡ് തോതിൽ നികുതി ഈടാക്കിയിട്ടും സർക്കാർ കൂടുതൽ കടം വാങ്ങുകയാണെന്ന് കൺസർവേറ്റീവ് പാർട്ടി വിമർശിച്ചു.
ആദ്യകാല കണക്കുകൾ താൽക്കാലികമാണെന്നും പിന്നീട് അവയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ഒബിആർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അടുത്ത മാസത്തെ ബജറ്റിന് മുന്നോടിയായി സർക്കാരിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണ് പുതിയ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ.