അമേരിക്കൻ നയങ്ങളിൽ അനിശ്ചിതത്വം; ലോകമെമ്പാടും പുതിയ നയതന്ത്ര കൂട്ടായ്മകൾ രൂപപ്പെടുന്നു!
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത നയങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ നയതന്ത്ര-സൈനിക സഖ്യങ്ങളിൽ വലിയ മാറ്റങ്ങൾ. അമേരിക്കയെ പൂർണ്ണമായി ആശ്രയിക്കുന്ന പഴയ രീതി ഉപേക്ഷിച്ച്, തങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ വിവിധ രാജ്യങ്ങൾ പുതിയ കൂട്ടായ്മകൾ രൂപീകരിക്കുകയാണ്. മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം രാജ്യങ്ങൾ പുതിയ പ്രതിരോധ നിരകൾ തീർക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പരമ്പരാഗതമായി അമേരിക്കൻ സുരക്ഷാ വാഗ്ദാനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഗൾഫ് രാജ്യങ്ങളും കാനഡയും അടക്കമുള്ളവർ നിലവിലെ അനിശ്ചിതത്വത്തിൽ ആശങ്കയോടെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. തുർക്കി, പാകിസ്ഥാൻ, സൗദി അറേബ്യ എന്നിവർ ഒപ്പുവെച്ച ‘മക്ക കരാർ’ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സമവാക്യങ്ങളെ മാറ്റിമറിക്കുന്നതാണ്. അമേരിക്കൻ സൈനിക പിന്തുണയെ മാത്രം വിശ്വസിക്കാനാകില്ലെന്ന തിരിച്ചറിവാണ് ഇത്തരം പുതിയ പ്രാദേശിക പ്രതിരോധ കൂട്ടായ്മകളിലേക്ക് രാജ്യങ്ങളെ നയിക്കുന്നത്.
അമേരിക്കൻ ആധിപത്യത്തിന് ബദലായി ബ്രിക്സ് (BRICS), ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) തുടങ്ങിയ കൂട്ടായ്മകൾ കൂടുതൽ ശക്തിപ്രാപിക്കുകയാണ്. ഡോളറിനെ മാത്രം ആശ്രയിക്കാതെ വ്യാപാരം നടത്താനും സ്വന്തം വിപണിയെയും സപ്ലൈ ചെയിനുകളെയും സംരക്ഷിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ സമാന്തര സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ വിശ്വാസ്യത തകരുന്ന സാഹചര്യത്തിൽ ചൈനയും മറ്റ് രാജ്യങ്ങളും പുതിയ നയതന്ത്ര അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
യൂറോപ്പിലും സമാനമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. നാറ്റോ സഖ്യത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പിന്തുണ ഉറപ്പില്ലാത്തതിനാൽ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ പ്രധാന യൂറോപ്യൻ ശക്തികൾ സ്വന്തം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകളിലാണ്. കാനഡയും ദക്ഷിണ കൊറിയയും അടക്കമുള്ള രാജ്യങ്ങൾ അമേരിക്കയുമായുള്ള നയപരമായ അകലം പാലിച്ചുകൊണ്ട് പുതിയ വ്യാപാര-പ്രതിരോധ നയങ്ങൾ രൂപീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.