യുകെയുടെ തകർച്ചയിൽ ആശങ്കയറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സഹവ ഉടമ ജിം റാറ്റ്ക്ലിഫ്.
ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടൻ ഇന്ന് തകർച്ചയുടെ പാതയിലാണെന്ന് പ്രമുഖ വ്യവസായിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ സഹവ ഉടമയുമായ സർ ജിം റാറ്റ്ക്ലിഫ്. രാജ്യത്തെ ഉയർന്ന നികുതി നിരക്കുകളും കുടിയേറ്റവുമാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
പെട്രോകെമിക്കൽ ഭീമനായ ഇനിയോസിന്റെ (Ineos) സ്ഥാപകനായ റാറ്റ്ക്ലിഫ് 2020 മുതൽ അനുകൂല നികുതി വ്യവസ്ഥ നിലനിൽക്കുന്ന മൊണാക്കോയിലാണ് താമസം. യുകെയിൽ സമ്പത്തുണ്ടാക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ രാജ്യത്തുനിന്ന് തുരത്തുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, അമേരിക്കയെപ്പോലെ സമ്പന്നരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് സീയിലെ എണ്ണ-വാതക പദ്ധതികളായ റോസ്ബാങ്ക്, ജാക്ഡോ എന്നിവയ്ക്ക് അനുമതി നൽകാത്ത സർക്കാരിന്റെ തീരുമാനത്തെ “ഭ്രാന്തമായ നടപടി” എന്ന് അദ്ദേഹം വിമർശിച്ചു. ഈ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെട്ടാൽ ബ്രിട്ടനിൽ പാചകവാതക ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, രാജ്യത്ത് വ്യവസായ നിക്ഷേപം വർദ്ധിച്ചിട്ടുണ്ടെന്നും ഊർജ്ജ ലഭ്യതയിൽ തടസ്സങ്ങളുണ്ടാകില്ലെന്നും ബ്രിട്ടീഷ് സർക്കാർ വക്താവ് വ്യക്തമാക്കി.