Sathyian Nedumancherriyil

Subject : മൃഗസംരക്ഷണ പ്രവർത്തകരെ കയ്യേറ്റം ചെയ്തു: യു.എസ് ഫാഷൻ കൗൺസിൽ സി.ഇ.ഒ രാജിവെച്ചു.

മൃഗസംരക്ഷണ പ്രവർത്തകരെ കയ്യേറ്റം ചെയ്തു: യു.എസ് ഫാഷൻ കൗൺസിൽ സി.ഇ.ഒ രാജിവെച്ചു.

ന്യൂയോർക്ക്: ന്യൂയോർക്ക് ഫാഷൻ വീക്കിനിടെ മൃഗസംരക്ഷണ പ്രവർത്തകരെ കായികമായി നേരിടുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്‌സ് ഓഫ് അമേരിക്ക (CFDA) സി.ഇ.ഒ സ്റ്റീവൻ കോൾബ് (Steven Kolb) രാജിവെച്ചു. ഫാഷൻ ലോകത്തെ പ്രമുഖ സംഘടനയായ CFDA യെ 20 വർഷത്തോളം നയിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പടികളിറക്കം.

ന്യൂയോർക്ക് ഫാഷൻ വീക്കിലെ ഷോയ്ക്കിടെ കമ്പിളി ഉപയോഗത്തിനെതിരെ പ്രതിഷേധിച്ച ‘പെറ്റ’ (PETA) പ്രവർത്തകരെയാണ് കോൾബ് തടയാൻ ശ്രമിച്ചത്. പ്രതിഷേധക്കാരെ തള്ളിമാറ്റുകയും ബലമായി നിലത്തുതള്ളി വീഴ്ത്തി വായ പൊത്തിപ്പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് താത്കാലികമായി മാറ്റിനിർത്തി അന്വേഷണം ആരംഭിച്ചിരുന്നു.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും കോൾബ് നൽകിയ സംഭാവനകളെ പ്രശംസിച്ച സി.എഫ്.ഡി.എ ബോർഡ്, അദ്ദേഹത്തിന്റെ രാജി തീരുമാനം അംഗീകരിച്ചതായി വ്യക്തമാക്കി. പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ ഇരുപക്ഷത്തിനും അനുയോജ്യമായ സമയമാണിതെന്ന് രാജിപ്രഖ്യാപനത്തിൽ സ്റ്റീവൻ കോൾബും പ്രതികരിച്ചു.