ഓസ്ട്രേലിയയിൽ വിസ നിയമങ്ങൾ കർശനമാക്കി ലേബർ സർക്കാർ; ബാക്ക്പാക്കേഴ്സിനും വിദ്യാർത്ഥികൾക്കും തിരിച്ചടി.
ക്യാൻബറ: ഓസ്ട്രേലിയയിലേക്ക് എത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങളുമായി ലേബർ സർക്കാർ. നാഷണൽ പ്രസ് ക്ലബ്ബിൽ സംസാരിക്കവെ ആഭ്യന്തര മന്ത്രി ടോണി ബർക്കാണ് പുതിയ ഇമിഗ്രേഷൻ നയം പ്രഖ്യാപിച്ചത്.
പുതിയ നയമനുസരിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇനിമുതൽ കുടുംബാംഗങ്ങളെയോ പങ്കാളികളെയോ കൂടെ കൊണ്ടുവരാൻ സാധിക്കില്ല. കൂടാതെ, വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ പുതിയ തടങ്കൽ കേന്ദ്രങ്ങളും പരിശോധനകളും ഏർപ്പെടുത്തും.ബാക്ക്പാക്കർ വിസകളിൽ എത്തുന്നവർക്ക് രണ്ടാം വർഷവും മൂന്നാം വർഷവും കാലാവധി നീട്ടി നൽകുന്നതിന് ബാലറ്റ് വ്യവസ്ഥ ഏർപ്പെടുത്തും.
സന്ദർശന വിസയിൽ എത്തി വിസ മാറ്റി കൂടുതൽ കാലം താമസിക്കുന്ന ‘വിസ ഹോപ്പിംഗ്’ രീതി പൂർണ്ണമായും തടയും. അതേസമയം ആരോഗ്യം, നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് വിസ ലഭിക്കുന്നതിൽ മുൻഗണന നൽകുമെന്നും സർക്കാർ അറിയിച്ചു. പ്രതിപക്ഷവും ഗ്രീൻസ് പാർട്ടിയും സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.