ധനികർക്ക് വൻ നികുതി ഇളവുകൾ ശുപാർശ ചെയ്യാനൊരുങ്ങി റിഫോം പാർട്ടിയുമായി ബന്ധപ്പെട്ട തിങ്ക് ടാങ്ക്.
ലണ്ടൻ: നൈജൽ ഫരാജിന്റെ റിഫോം യുകെ (Reform UK) പാർട്ടിയുമായി അടുത്ത ബന്ധമുള്ള സി.എഫ്.എ.ബി.ബി (Centre for a Better Britain – CFABB) എന്ന തിങ്ക് ടാങ്ക്, രാജ്യത്തെ ധനികർക്ക് വൻ തോതിൽ നികുതി ഇളവുകൾ നൽകുന്ന പുതിയ സാമ്പത്തിക നയരേഖ പുറത്തിറക്കാനൊരുങ്ങുന്നു. പാരമ്പര്യ സ്വത്ത് നികുതി (Inheritance Tax) പൂർണ്ണമായി നിർത്തലാക്കണമെന്നും മൂലധന ലാഭ നികുതി (Capital Gains Tax) ഘട്ടംഘട്ടമായി ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നതായി സൂചനയുണ്ട്.
അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന 200 പേജുള്ള ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ അത് യുകെ ഖജനാവിന് ലഭിക്കുന്ന വൻ തുകയുടെ വരുമാനത്തെ ബാധിക്കും. കഴിഞ്ഞ വർഷം മാത്രം പാരമ്പര്യ സ്വത്ത് നികുതിയിലൂടെ 8.5 ശതകോടി പൗണ്ടും മൂലധന ലാഭ നികുതിയിലൂടെ 24 ശതകോടി പൗണ്ടും സർക്കാരിന് ലഭിച്ചിരുന്നു. സാമ്പത്തിക മേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ധനമന്ത്രാലയം (Treasury) പുനഃസംഘടിപ്പിക്കുന്നതിനുമുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ടെന്നാണ് വിവരങ്ങൾ.
അതേസമയം, ബ്ലൂംബെർഗ് പുറത്തുവിട്ട വാ വാർത്ത പൂർണ്ണമായും ശരിയല്ലെന്നും റിപ്പോർട്ടിന്റെ ആദ്യ രൂപരേഖയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സി.എഫ്.എ.ബി.ബി വക്താവ് വ്യക്തമാക്കി. വരുമാന മാർഗ്ഗമില്ലാത്ത നികുതി വെട്ടിക്കുറയ്ക്കലുകൾ ഒന്നും തന്നെ തങ്ങളുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകില്ലെന്നും തിങ്ക് ടാങ്ക് അറിയിച്ചു. റിഫോം യുകെ പാർട്ടിക്ക് ക്രിപ്റ്റോ ശതകോടീശ്വരന്മാരിൽ നിന്ന് വൻ തുക സംഭാവനയായി ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്.