Sathyian Nedumancherriyil

Subject : ലൂസി ലെറ്റ്ബി കേസ്: ആശുപത്രി അധികൃതരുടെ വീഴ്ച കാരണം മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് റിപ്പോർട്ട്.

ലൂസി ലെറ്റ്ബി കേസ്: ആശുപത്രി അധികൃതരുടെ വീഴ്ച കാരണം മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് റിപ്പോർട്ട്.

ലണ്ടൻ: ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നേഴ്‌സ് ലൂസി ലെറ്റ്ബിയെക്കുറിച്ചുള്ള ഡോക്ടർമാരുടെ മുന്നറിയിപ്പുകളിൽ മാനേജ്‌മെന്റ് കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ മൂന്ന് നവജാതശിശുക്കളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഏഴുപേരെ പരിക്കുകളിൽ നിന്ന് സംരക്ഷിക്കാമായിരുന്നുവെന്നും ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ലേഡി ജസ്റ്റിസ് തിർൾവാളിന്റെ നേതൃത്വത്തിൽ നടന്ന പൊതു അന്വേഷണ റിപ്പോർട്ടിലാണ് ആശുപത്രി ഭരണസമിതിയുടെയും മുൻനിര ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ വെളിപ്പെടുത്തിയത്.

നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ കുഞ്ഞുങ്ങളുടെ തുടർച്ചയായ മരണങ്ങളിൽ ലൂസി ലെറ്റ്ബിക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി മുതിർന്ന ഡോക്ടർമാർ നിരന്തരം പരാതി നൽകിയിട്ടും, മാനേജ്‌മെന്റ് അത് ഗൗരവമായി എടുത്തില്ലെന്ന് 822 പേജുള്ള റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 2015 ഒക്ടോബറിൽ തന്നെ ലെറ്റ്ബിയെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നെങ്കിൽ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ച ഇരട്ടക്കുട്ടികൾ അടക്കം അപകടത്തിൽപ്പെടില്ലായിരുന്നു. പോലീസിനെ വിവരമറിയിക്കുന്നതിൽ ഏകദേശം രണ്ട് വർഷത്തോളം കാലതാമസം വരുത്തുകയും, രോഗികളുടെ സുരക്ഷയേക്കാൾ ആശുപത്രിയുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ അധികൃതർ ശ്രമിക്കുകയുമായിരുന്നു.

ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്, എൻ.എച്ച്.എസ് (NHS) നവജാതശിശു വിഭാഗങ്ങളിലെ എല്ലാ തൊട്ടിലുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ശുപാർശ ചെയ്യുന്നു. 2015-2016 കാലയളവിൽ ഏഴ് നവജാതശിശുക്കളെ വധിക്കുകയും ഏഴുപേരെ കൊല്ലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 15 ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് 36-കാരിയായ ലൂസി ലെറ്റ്ബി. കേസിൽ താൻ നിരപരാധിയാണെന്ന് വാദിക്കുന്ന ലെറ്റ്ബിയുടെ പുനഃപരിശോധനാ ഹർജി ക്രിമിനൽ കേസസ് റിവ്യൂ കമ്മീഷന്റെ പരിഗണനയിലാണ്.