ലണ്ടനിലെ പ്രമുഖ ആശുപത്രികളുടെ സമ്പത്തിന് പിന്നിൽ അടിമക്കച്ചവടത്തിന്റെ പണം: വെളിപ്പെടുത്തലുമായി റിപ്പോർട്ട്.
ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ സെന്റ് ബാർത്തലോമിയൂസ് (St Barts), ദി റോയൽ ലണ്ടൻ ആശുപത്രികളുടെ പാരമ്പര്യത്തിനും സ്ഥിര നിക്ഷേപങ്ങൾക്കും പിന്നിൽ അറ്റ്ലാന്റിക് അടിമക്കച്ചവടത്തിൽ നിന്നുള്ള പണമുണ്ടായിരുന്നതായി പുതിയ അന്വേഷണ റിപ്പോർട്ട്. എഡ്വേർഡ് കോൾസ്റ്റൺ ഉൾപ്പെടെയുള്ള മുൻകാല ധനസഹായദാതാക്കളും ട്രസ്റ്റ് ഭാരവാഹികളും റോയൽ ആഫ്രിക്കൻ കമ്പനി വഴി ആഫ്രിക്കൻ മനുഷ്യരെ അടിമകളാക്കി ലേലം ചെയ്തതിലൂടെ കൊള്ളലാഭം ഉണ്ടാക്കിയവരാണെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകളായി ഈ നിക്ഷേപങ്ങൾ വളർന്നാണ് ഇന്നത്തെ ബാർട്സ് ചാരിറ്റിയുടെ പ്രധാന സാമ്പത്തിക അടിത്തറയായി മാറിയത്.