സൈനിക വിമാനത്തിന്റെ പിഴവ്; യുകെയിൽ വ്യോമഗതാഗത നിയന്ത്രണ സംവിധാനം തകരാറിലായതിൽ നിർണായക വെളിപ്പെടുത്തൽ.
ലണ്ടൻ: യുകെയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ ആയിരക്കണക്കിന് വിമാന സർവീസുകൾ മുടങ്ങാൻ കാരണമായ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലെ (എയർ ട്രാഫിക് കൺട്രോൾ) തകരാറിന് കാരണം ഒരു സൈനിക വിമാനമാണെന്ന് റിപ്പോർട്ട്. നാഷണൽ എയർ ട്രാഫിക് സർവീസസിന്റെ (Nats) സിസ്റ്റം നാല് മണിക്കൂറോളം നിലച്ചതിനെ തുടർന്ന് രണ്ടായിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് മൂലം ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
യുകെ സൈനിക വിമാനം സമർപ്പിച്ച ഫ്ലൈറ്റ് പ്ലാനിലെ ചില തെറ്റായ വിവരങ്ങളാണ് നാട്സിന്റെ സിസ്റ്റത്തിൽ വലിയ തകരാറുണ്ടാക്കിയതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനാലും ബാക്ക്-അപ്പ് സംവിധാനമില്ലാത്തതിനാലും തകരാർ പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞില്ല. എന്നാൽ സൈനികരുടെ ഭാഗത്തുനിന്ന് യാതൊരു തെറ്റും ഉണ്ടായിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളത്.
സംഭവത്തെ തുടർന്ന് നാട്സ് സിഇഒ മാർട്ടിൻ റോൾഫിനെ ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ വിളിച്ചുവരുത്തി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സൈബർ ആക്രമണ സാധ്യത മാർട്ടിൻ റോൾഫ് തള്ളിക്കളഞ്ഞെങ്കിലും, റയാൻഎയർ സിഇഒ മൈക്കൽ ഒ’ലിയറി ഉൾപ്പെടെയുള്ള പ്രമുഖർ റോൾഫിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
സാങ്കേതിക തകരാർ കാരണം വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അടിയന്തര സാഹചര്യങ്ങൾ ആയതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് എയർലൈനുകൾ വ്യക്തമാക്കുന്നത്. യുകെ വ്യോമപാതയിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നാണ് വ്യോമയാന വിദഗ്ധരുടെ ആവശ്യം.