Sathyian Nedumancherriyil

Subject : ജയിച്ചാൽ പൗരന്മാർക്ക് 5,000 ഡോളർ നൽകും; വിചിത്ര വാഗ്ദാനവുമായി ഡൊണാൾഡ് ട്രംപ്!

ജയിച്ചാൽ പൗരന്മാർക്ക് 5,000 ഡോളർ നൽകും; വിചിത്ര വാഗ്ദാനവുമായി ഡൊണാൾഡ് ട്രംപ്!

ഡാലസ്: വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഓരോ മുതിർന്ന പൗരനും 5,000 ഡോളർ വീതം നൽകുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ ഇടക്കാല കൺവെൻഷനിലെ രണ്ടു മണിക്കൂർ നീണ്ട പ്രസംഗത്തിലാണ് ട്രംപ് ഈ വിവാദ വാഗ്ദാനം മുന്നോട്ടുവെച്ചത്. പൊതുഖജനാവിന് 1 ട്രില്യൺ ഡോളറിലധികം ബാധ്യത വരുത്തുന്ന ഈ നീക്കം വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ഡെമോക്രാറ്റുകൾക്കെതിരെയും ഇറാനിലെ യുദ്ധ നയങ്ങളെക്കുറിച്ചും പരാമർശിച്ച ട്രംപ്, ഈ തിരഞ്ഞെടുപ്പിൽ താൻ തന്നെയാണ് മത്സരിക്കുന്നതെന്ന രീതിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടാൽ അതിർത്തി സുരക്ഷയും നികുതി ഇളവുകളും ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ പ്രചാരണത്തിൽ പിന്നാക്കം നിൽക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് പുതുജീവൻ നൽകാനാണ് ഇത്തരമൊരു കൺവെൻഷൻ സംഘടിപ്പിച്ചത്.

സ്വന്തം ജനപ്രീതിയിൽ ഇടിവ് സംഭവിച്ചതും ഇറാൻ വിഷയത്തിലെ കടുത്ത നിലപാടുകളും കാരണം പ്രമുഖ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ പലരും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും സദസ്സിൽ ധാരാളം ഒഴിവുള്ള സീറ്റുകൾ ദൃശ്യമായിരുന്നു. യുഎഫ്‌സി കായിക താരങ്ങളായ ബോ നിക്കൽ, ജസ്റ്റിൻ ഗെയിത്ജെ എന്നിവരെ വേദിയിലെത്തിച്ചാണ് ട്രംപ് തന്റെ പ്രസംഗത്തിന് അന്തരീക്ഷം ഒരുക്കിയത്.

അതേസമയം ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഈ നീക്കങ്ങൾക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി. ട്രംപിന്റെ അഹന്ത തൃപ്തിപ്പെടുത്താൻ നടത്തുന്ന വെറുമൊരു നാടക മാത്രമാണ് കൺവെൻഷനെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ ട്രംപ് പാർട്ടിയെക്കൂടി പരാജയത്തിലേക്ക് തള്ളിയിടുകയാണെന്നും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ കെൻ മാർട്ടിൻ കുറ്റപ്പെടുത്തി.