Sathyian Nedumancherriyil

Subject : തൊഴിലാളിവർഗ്ഗത്തിന്റെ അസമത്വം പരിഹരിക്കാൻ പുതിയ നീക്കം; മാറ്റങ്ങളുമായി യുകെ സർക്കാർ.

തൊഴിലാളിവർഗ്ഗത്തിന്റെ അസമത്വം പരിഹരിക്കാൻ പുതിയ നീക്കം; മാറ്റങ്ങളുമായി യുകെ സർക്കാർ.

ലണ്ടൻ: യുകെയിലെ തൊഴിലാളിവർഗ്ഗം നേരിടുന്ന സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ പരിഹരിക്കുന്നത് മുൻനിർത്തി തങ്ങളുടെ സമത്വ നയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളക്കാരായ തൊഴിലാളിവർഗ്ഗക്കാരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുന്ന പ്രത്യേക യൂനിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. വനിതാ സമത്വ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ ആണ് ‘ഓഫീസ് ഫോർ ഇക്വാലിറ്റി ആൻഡ് ഓപ്പർച്യൂണിറ്റി’ക്ക് കീഴിൽ പുതിയ സംവിധാനം പ്രവർത്തിക്കുമെന്ന വിവരം പ്രഖ്യാപിക്കുന്നത്.

രാജ്യത്തെ വിവിധ വംശീയ വിഭാഗങ്ങൾക്കിടയിലുള്ള ക്ലാസ് അധിഷ്ഠിത അസമത്വങ്ങൾ വിശകലനം ചെയ്യുകയാണ് ഈ പുതിയ യൂനിറ്റിന്റെ പ്രധാന ചുമതല. വെള്ളക്കാരായ തൊഴിലാളിവർഗ്ഗത്തിന്റെ പുരോഗതിക്ക് ഊന്നൽ നൽകുമെങ്കിലും ഇത് അവർക്ക് വേണ്ടി മാത്രമുള്ള ഒരു പ്രത്യേക യൂനിറ്റല്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ മാറ്റങ്ങളുടെ ഭാഗമായി 2010 മുതൽ പ്രവർത്തിച്ചിരുന്ന ‘സോഷ്യൽ മൊബിലിറ്റി കമ്മീഷൻ’ (SMC) പിരിച്ചുവിടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പൊതുസേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള വേർതിരിവുകൾ ഇല്ലാതാക്കാൻ പുതിയ സോഷ്യോ-ഇക്കണോമിക് കടമകൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ട്രാൻസ്പോർട്ട്, മറ്റ് സേവനങ്ങളുടെ അഭാവം എന്നിവ പരിഹരിക്കാൻ ഇത്തരം സ്ഥാപനങ്ങൾ നിർബന്ധമായും ഇടപെടേണ്ടിവരും. കൂടാതെ ഗ്രാമീണ മേഖലകളിലെയും മുൻ വ്യാവസായിക നഗരങ്ങളിലെയും ഫണ്ടിംഗ് വിതരണം പുനഃപരിശോധിക്കാനും സർക്കാർ പദ്ധതിയിടുന്നു.

ബ്രിട്ടനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നത് വെള്ളക്കാരായ തൊഴിലാളിവർഗ്ഗത്തിലെ കുട്ടികളാണെന്ന് അടുത്ത കാലത്തുണ്ടായ അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായി ഇവർക്ക് ലഭിക്കേണ്ട അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും പുതിയ മാറ്റങ്ങൾ ഈ വിഭാഗത്തിന് ഏറെ ആശ്വാസമാകുമെന്നും വിഭ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ കൂട്ടിച്ചേർത്തു. അതേസമയം മറ്റു പിന്നാക്ക വിഭാഗങ്ങളെ തഴയാതെയായിരിക്കണം പുതിയ നയം നടപ്പിലാക്കേണ്ടതെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിച്ചു.