ഹാരിയും മേഗനും ഇനി സാധാരണ പൗരന്മാർ; മുൻകൂട്ടി അറിയിക്കാതെ കത്തുമായി ബക്കിംഗ്ഹാം കൊട്ടാരം!
ലണ്ടൻ: ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും നിലവിൽ ഔദ്യോഗിക കൊട്ടാരം ചുമതലകളൊന്നുമില്ലാത്ത സാധാരണ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന കൊട്ടാരത്തിന്റെ ഔദ്യോഗിക കത്ത് മാധ്യമങ്ങൾക്ക് നൽകിയതിൽ സാസെക്സ് പ്രഭുക്കന്മാർക്ക് കടുത്ത അമർഷം. ചാർൾസ് രാജാവിനു വേണ്ടി ബക്കിംഗ്ഹാം കൊട്ടാരത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ലോർഡ് ചേംബർലെയ്ൻ റിച്ചാർഡ് ബെന്യാൻ ആണ് വിവിധ സർക്കാർ വകുപ്പുകൾക്കും സൈന്യത്തിനും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. എന്നാൽ മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് തങ്ങൾക്ക് കത്തിന്റെ പകർപ്പ് ലഭിച്ചതെന്നും കാര്യങ്ങൾ വ്യക്തമാക്കാൻ സമയം ലഭിച്ചില്ലെന്നും ഹാരിയും മേഗനും ആരോപിക്കുന്നു.
ഹാരിയും മേഗനും അമേരിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് തിരികെയെത്തി രണ്ട് ആഴ്ചകൾക്ക് ശേഷമാണ് കൊട്ടാരത്തിന്റെ ഈ പരസ്യമായ നിലപാട് വ്യക്തമാക്കൽ വരുന്നത്. മാധ്യമങ്ങൾക്ക് വിവരം നൽകുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് ഹാരിയുടെ ടീമിന് കത്തിന്റെ പകർപ്പ് നൽകിയത്. തുടർന്ന് വിവരങ്ങൾ ചോദിച്ചറിയാൻ കൊട്ടാരവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് തന്നെ വാർത്ത മാധ്യമങ്ങളിൽ എത്തുകയായിരുന്നു. നിർണ്ണായക വിവരങ്ങൾ കൈമാറുന്നതിൽ കൊട്ടാരം കാണിച്ച ധൃതിയും മുൻകൂട്ടി അറിയിപ്പ് നൽകാത്തതുമാണ് ഹാരിയെയും മേഗനെയും ചൊടിപ്പിച്ചത്.
രാജകുടുംബത്തിന്റെ ചുമതലകളിൽ നിന്നും രാജകീയ പദവികളുടെ ഉപയോഗത്തിൽ നിന്നും ഹാരിയും മേഗനും മാറിനിൽക്കുന്നത് പൂർണ്ണമായും മാനിക്കപ്പെടുമെന്ന് കത്തിൽ പറയുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തോടെയും സ്വകാര്യതയോടെയും ജീവിക്കുന്ന സാധാരണ പൗരന്മാർക്ക് തുല്യമാണ് ഇവരുടെ ഇപ്പോഴത്തെ സ്ഥാനമെന്നും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യക്തിപരമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഈ കത്തിന് പിന്നാലെ ബ്രിട്ടനിലെ പൊതു ഫണ്ട് ഉപയോഗിച്ചുള്ള സുരക്ഷാ ആനുകൂല്യങ്ങൾക്ക് ഹാരിയും കുടുംബവും അർഹരാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ രാജകീയ സുരക്ഷാ സമിതി (Ravec) യോഗം ചേരാനിരിക്കുകയാണ്.
അതേസമയം ഹാരിക്കും മേഗനുമൊപ്പം ഇവരുടെ മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരും യുകെയിലെ വിദ്യാലയങ്ങളിൽ പഠനം ആരംഭിക്കുമെന്നാണ് സൂചനകൾ. യുകെയിലെ താമസസ്ഥലത്തിന് സമീപമുള്ള സ്കൂളുകളിലാവും കുട്ടികൾ പഠിക്കുക. അടുത്തിടെ ലണ്ടനിലെ പ്രമുഖ ഫിലിമിംഗ് ആന്റ് പോഡ്കാസ്റ്റ് സ്റ്റുഡിയോയിൽ ഹാരി സന്ദർശനം നടത്തിയതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയ ശേഷവും കൊട്ടാരവും ഹാരിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒടുങ്ങിയിട്ടില്ലെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.