Sathyian Nedumancherriyil

Subject : അടിമത്തത്തിന് നഷ്‌ടപരിഹാരം വേണം: ചാൾസ് രാജാവിന് ഹർജി നൽകാൻ ജമൈക്കൻ സംഘം യുകെയിൽ.

അടിമത്തത്തിന് നഷ്‌ടപരിഹാരം വേണം: ചാൾസ് രാജാവിന് ഹർജി നൽകാൻ ജമൈക്കൻ സംഘം യുകെയിൽ.

ലണ്ടൻ: ക്രൂരമായ അടിമത്തത്തിന്റെ ഇരകൾക്ക് ബ്രിട്ടനിൽ നിന്ന് നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ജമൈക്കയിലെ ഉന്നതതല സംഘം യുകെയിലെത്തി. ജമൈക്കയുടെ രാഷ്ട്രത്തലവൻ കൂടിയായ ചാൾസ് മൂന്നാമൻ രാജാവിന് ചരിത്രപരമായ നിവേദനം സമർപ്പിക്കാനാണ് സാംസ്കാരിക മന്ത്രി ഒലിവിയ ഗ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം ലണ്ടനിൽ എത്തിച്ചേർന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് ആഫ്രിക്കൻ ജനതയെ അടിമകളാക്കി കടത്തിക്കൊണ്ടുവന്നത് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണോ എന്നും, ഇതിന് ജമൈക്കയ്ക്ക് ബ്രിട്ടൻ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണോ എന്നും പരിശോധിക്കാൻ ലണ്ടനിലെ പ്രിവി കൗൺസിലിനോട് രാജാവ് നിയമോപദേശം തേടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഭൂതകാലത്തെ അടിമത്തത്തിന്റെ ദുരന്തഫലങ്ങൾ ജമൈക്കയുടെ സമ്പദ്‌വ്യവസ്ഥയെയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെയും ഇപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള ജമൈക്കൻ പുരാവസ്തുക്കൾ തിരികെ ലഭിക്കുന്നതിനായുള്ള ചർച്ചകളും സംഘം നടത്തും.