Sathyian Nedumancherriyil

Subject : ഇന്ധനവിലയിൽ അപ്രതീക്ഷിത കുതിച്ചുചാട്ടം; കർഷകർ കടുത്ത പ്രതിസന്ധിയിൽ, പ്രഹരമായി ഡീസൽ വില വർദ്ധനവ്!

ഇന്ധനവിലയിൽ അപ്രതീക്ഷിത കുതിച്ചുചാട്ടം; കർഷകർ കടുത്ത പ്രതിസന്ധിയിൽ, പ്രഹരമായി ഡീസൽ വില വർദ്ധനവ്!

ലണ്ടൻ: യുകെയിലും അമേരിക്കയിലും ഡീസൽ വില കുതിച്ചുയർന്നതോടെ വാഹനങ്ങളും കാർഷിക യന്ത്രങ്ങളും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന് വൻ തുക നൽകേണ്ടിവരുന്നതിന്റെ കടുത്ത ആശങ്കയിൽ കർഷകർ. അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ആരംഭിച്ച സൈനിക ഏറ്റുമുട്ടലുകൾ ക്രൂഡോയിൽ വില വർദ്ധിക്കാൻ കാരണമായപ്പോൾ, റഷ്യ ഡീസൽ കയറ്റുമതി നിരോധനം നീട്ടിയതാണ് വിപണിയിൽ പെട്ടെന്നുള്ള തിരിച്ചടിയായത്. ദിവസങ്ങൾക്കുള്ളിൽ ഇന്ധനവിലയിൽ ഉണ്ടായ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം കാർഷിക മേഖലയുടെ താളം തെറ്റിച്ചിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് ശേഷം മാത്രം ലീറ്ററിന് 10 പെൻസ് മുതൽ 14 പെൻസ് വരെയാണ് വില ഉയർന്നതെന്ന് പ്രമുഖ കാർഷിക സഹകരണ സംഘമായ ഫ്രാം ഫാർമേഴ്‌സ് വ്യക്തമാക്കി. കാർഷിക യന്ത്രങ്ങൾക്ക് ഉപയോഗിക്കുന്ന റെഡ് ഡീസലിന് നിലവിൽ ലീറ്ററിന് 1.10 പൗണ്ടോളമാണ് ചെലവ് വരുന്നത്. സാധാരണ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ഡീസൽ വില യുകെയിൽ ലീറ്ററിന് 183.5 പെൻസിലേക്ക് ഉയർന്നപ്പോൾ അമേരിക്കയിൽ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ഗാലന് 5.78 ഡോളറിലെത്തി നിൽക്കുന്നു.

ശൈത്യകാലത്തിന് മുന്നോടിയായി കൃഷിഭൂമി ഒരുക്കുന്ന ഈ ഘട്ടത്തിൽ ഇന്ധനവിലയിലുണ്ടായ വർദ്ധനവ് കർഷകരുടെ സാമ്പത്തിക ആസൂത്രണങ്ങളെ പൂർണ്ണമായും ബാധിച്ചു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 97 ഡോളറിന് അടുത്തെത്തിയതും യുക്രൈൻ ആക്രമണങ്ങളെ തുടർന്ന് റഷ്യൻ ശുദ്ധീകരണശാലകളുടെ പ്രവർത്തനം തടസ്സപ്പെട്ടതും പ്രതിസന്ധി ഇരട്ടിയാക്കി. വിപണിയിലെ അസ്ഥിരത കാരണം ചെറിയ അളവുകളിൽ മാത്രം ഇന്ധനം വാങ്ങാനാണ് മിക്ക കർഷകരും ഇപ്പോൾ തയ്യാറാകുന്നത്.

ഡീസൽ വില വർദ്ധനവ് കർഷകരെ മാത്രമല്ല, ഡെലിവറി ഏജൻസികൾ, നിർമ്മാണ മേഖല, വാണിജ്യ വാഹനങ്ങൾ ഉപയോഗിക്കുന്ന മറ്റ് ചെറുകിട സ്ഥാപനങ്ങൾ എന്നിവയെയും സാരമായി ബാധിക്കും. കൂടാതെ, ഗ്യാസ് നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിൽ വീടുകളും ഫാമുകളും ചൂടാക്കാൻ ഉപയോഗിക്കുന്ന പാരാഫിൻ/ഹീറ്റിംഗ് ഓയിലിന്റെ വില ലീറ്ററിന് 60 പെൻസിൽ നിന്ന് 1 പൗണ്ടിലേക്ക് ഉയർന്നത് വരാനിരിക്കുന്ന ശൈത്യകാലത്ത് വൻ സാമ്പത്തിക ബാധ്യതയാകും സൃഷ്ടിക്കുക.