വിസ നിയമങ്ങളിൽ നിർണ്ണായക മാറ്റവുമായി യുകെ; ചൂഷണം നേരിടുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഇനി പുതിയ ജോലി തേടാം!
ലണ്ടൻ: യുകെയിൽ തൊഴിലുടമകളിൽ നിന്ന് ചൂഷണം നേരിടുന്ന കുടിയേറ്റ തൊഴിലാളികൾക്കും പരിചരണ ജീവനക്കാർക്കും (കെയർ വർക്കേഴ്സ്) ആശ്വാസവുമായി വിസ നിയമങ്ങളിൽ മാറ്റം വരുത്തി യുകെ ഹോം ഓഫീസ്. തൊഴിലുടമകളിൽ നിന്ന് അതിക്രമങ്ങളോ ആധുനിക അടിമത്തമോ (മോഡേൺ സ്ലേവറി) നേരിടേണ്ടി വരുന്ന തൊഴിലാളികൾക്ക് വിസ കാലാവധി തീരുന്നത് വരെ മറ്റേതൊരു തൊഴിലുടമയുടെ കീഴിലും ജോലി ചെയ്യാൻ ഇനി അനുമതി ലഭിക്കും. നാഷണൽ റഫറൽ മെക്കാനിസം വഴി ഇരകളായി ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.
ബ്രെക്സിറ്റിന് ശേഷം ബോറിസ് ജോൺസൺ സർക്കാർ കൊണ്ടുവന്ന സ്കിൽഡ് വർക്കർ വിസ നിയമപ്രകാരം തൊഴിലാളികളുടെ വിസ സ്റ്റാറ്റസ് അതത് സ്പോൺസറിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ പുതിയ സ്പോൺസറെ കണ്ടെത്തിയില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സുരക്ഷാഭീഷണി മുതലെടുത്ത് ചില സ്ഥാപനങ്ങൾ കുറഞ്ഞ വേതനവും കൂടുതൽ ജോലിഭാരവും അടിച്ചേൽപ്പിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് പതിവായിരുന്നു.
ഈ പുതിയ തീരുമാനം സ്വാഗതാർഹമാണെന്നും ചൂഷണത്തിന് ഇരയായവർക്ക് അന്തസ്സോടെ ജീവിക്കാൻ ഇത് സഹായിക്കുമെന്നും പ്രമുഖ ജീവകാരുണ്യ സംഘടനകൾ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ നിയമലംഘനവും ചൂഷണവും നടത്തിയ അയ്യായിരത്തിലധികം സ്പോൺസറിംഗ് ലൈസൻസുകളാണ് യുകെ സർക്കാർ റദ്ദാക്കിയത്. കുറ്റക്കാരായ തൊഴിലുടമകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അന്വേഷണം ഉറപ്പാക്കുമെന്നും കുടിയേറ്റ കാര്യ മന്ത്രി ജോ വൈറ്റ് വ്യക്തമാക്കി.
വിസ സങ്കീർണ്ണതകൾ കാരണം തൊഴിൽ ഉപേക്ഷിക്കാൻ കഴിയാതെ കുടുങ്ങിക്കിടന്ന പതിനായിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം. വിസ മാറ്റ പ്രക്രിയകൾ കൂടുതൽ എളുപ്പമാക്കാനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തി പുതിയ ഇമിഗ്രേഷൻ വൈറ്റ് പേപ്പർ ഉടൻ പുറത്തിറക്കുമെന്നും ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്.