Sathyian Nedumancherriyil

Subject : സൗജന്യ ഉച്ചഭക്ഷണം കഴിച്ച് 800 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ഇന്തോനേഷ്യൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തം!

സൗജന്യ ഉച്ചഭക്ഷണം കഴിച്ച് 800 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ഇന്തോനേഷ്യൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തം!

ജക്കാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് എണ്ണൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും രോഗബാധിതരായി. കിഴക്കൻ ജാവയിലെ സിഡോർജോ, എൻഗഞ്ചുക് എന്നിവിടങ്ങളിലും പടിഞ്ഞാറൻ സുമാത്രയിലെ അഗം ജില്ലയിലുമാണ് വൻതോതിൽ ആളുകൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ഇതിൽ നൂറിലധികം പേരെ വിവിധ ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

രാജ്യത്തെ 6.2 കോടിയോളം വരുന്ന വിദ്യാർത്ഥികളിലും ഗർഭിണികളിലും കണ്ടുവരുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ആരംഭിച്ച ശതകോടികളുടെ പദ്ധതിയാണിത്. എന്നാൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയും, അഴിമതി ആരോപണങ്ങളും, വൻ സാമ്പത്തിക ബാധ്യതയും കാരണം പദ്ധതി തുടക്കം മുതലേ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. നിലവിലെ സംഭവത്തെ തുടർന്ന് ചില മേഖലകളിലെ ഭക്ഷണ വിതരണവും അടുക്കളകളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു.

ചീഞ്ഞ മുട്ടയും കേടായ ചോറും വിതരണം ചെയ്യുന്നതായും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കാണിച്ച് നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിക്കുന്നത്. ഈ പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ 37,000-ത്തിലധികം ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്ന് സന്നദ്ധ സംഘടനകൾ വ്യക്തമാക്കുന്നു. പ്രതിപക്ഷ പാർട്ടികളും പൊതുജനങ്ങളും പ്രബോവോ സർക്കാരിന്റെ ഈ വൻ പരാജയത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, കോടിക്കണക്കിന് ആളുകൾക്ക് നൽകുന്ന ഭക്ഷണത്തിൽ വളരെ ചെറിയ ശതമാനം മാത്രമാണ് ഇത്തരത്തിലുള്ള വീഴ്ചകളെന്നും പദ്ധതി കൃത്യമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വ്യക്തമാക്കി. കുട്ടികൾ വിശന്ന വയറോടെ പഠിക്കാൻ പാടില്ലെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയിലെ പിഴവുകൾ പരിഹരിച്ച് വരുംദിവസങ്ങളിൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പാർലമെന്റിൽ ഉറപ്പുനൽകി.