കുട്ടികളുടെ കെയർ ഹോമുകളിലും ലാഭക്കൊതി; കോടികൾ തട്ടി സ്വകാര്യ കമ്പനികൾ, യുകെയിൽ വൻ പ്രതിഷേധം!
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രമുഖ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളുടെയും (Children’s Homes) ദത്തെടുക്കൽ ഏജൻസികളുടെയും (Fostering Agencies) ഉടമസ്ഥാവകാശം വൻകിട സ്വകാര്യ ഇക്വിറ്റി കമ്പനികൾ കൈക്കലാക്കുന്നതിനെതിരെ വൻ പ്രതിഷേധം. രാജ്യത്തെ ഏറ്റവും വലിയ 20 ചൈൽഡ് കെയർ സ്ഥാപനങ്ങളിൽ 11 എണ്ണവും ഇപ്പോൾ സ്വകാര്യ ഫണ്ടുകളുടെയോ ഹെഡ്ജ് ഫണ്ടുകളുടെയോ നിയന്ത്രണത്തിലാണ്. കുട്ടികളുടെ ക്ഷേമത്തിനായി മാറ്റിവെക്കുന്ന പൊതുപണം വൻകിട നിക്ഷേപകർ ലാഭമുണ്ടാക്കാൻ ഉപയോഗിക്കുന്നതിനെ ‘അശ്ലീലം’ എന്നാണ് തൊഴിലാളി സംഘടനകൾ വിശേഷിപ്പിച്ചത്.
കോമൺ വെൽത്ത് എന്ന തിങ്ക് ടാങ്ക് നടത്തിയ പഠനത്തിൽ, പ്രമുഖ നാല് സ്വകാര്യ ഫോസ്റ്ററിംഗ് ഏജൻസികൾ മാത്രം 2020 മുതൽ ഇതുവരെ 200 ദശലക്ഷത്തിലധികം പൗണ്ട് പലിശയിനത്തിൽ ഓഹരി ഉടമകൾക്ക് നൽകിയതായി കണ്ടെത്തി. ഉയർന്ന പലിശനിരക്കിൽ കമ്പനിക്ക് വായ്പ നൽകുന്ന രീതി ഉപയോഗിച്ച് നികുതി വെട്ടിക്കുകയും ലാഭം നിക്ഷേപകരിലേക്ക് എത്തിക്കുകയുമാണ് ഇവർ ചെയ്യുന്നത്. നികുതിദായകരുടെ പണം കുട്ടികളുടെ സംരക്ഷണത്തിന് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം സ്വകാര്യ വ്യക്തികളുടെ കീശവീർപ്പിക്കാൻ ഉപയോഗിക്കുന്നത് തടയണമെന്ന് യൂണിസൺ (Unison) യൂണിയൻ ആവശ്യപ്പെട്ടു.
ചെറിയ ഏജൻസികളെ വിലയ്‌ക്കെടുത്ത് വിപണിയിൽ ആധിപത്യം സ്ഥാപിച്ച വൻകിട കമ്പനികൾ സർക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റിയും മുൻപ് കണ്ടെത്തിയിരുന്നു. ഇത്തരം കേന്ദ്രങ്ങളുടെ നിയന്ത്രണം തിരികെ പൊതുമേഖലയിലേക്ക് കൊണ്ടുവരണമെന്നും ലാഭം കൊയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. വെയിൽസ് സർക്കാർ 2030-ഓടെ കുട്ടികളുടെ കെയർ മേഖലയിലെ ലാഭേച്ഛയോടെയുള്ള പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കുറ്റപ്പെടുത്തലുകൾ നിഷേധിച്ച് പ്രമുഖ ഏജൻസിയായ നാഷണൽ ഫോസ്റ്ററിംഗ് ഗ്രൂപ്പ് രംഗത്തെത്തി. കുട്ടികൾക്ക് നൽകുന്ന മികച്ച ചികിത്സാ സൗകര്യങ്ങൾക്കും പരിചരണത്തിനുമാണ് ത തുക വിനിയോഗിക്കുന്നതെന്നും ഏജൻസികളുടെ സേവനങ്ങൾ മികച്ചുനിൽക്കുന്നതാണെന്നും അവർ അവകാശപ്പെട്ടു. എങ്കിലും, നിർണ്ണായകമായ ഈ മേഖലയിൽ സ്വകാര്യ കമ്പനികളുടെ അമിത ലാഭക്കൊതിക്ക് തടയിടാൻ ലാഭപരിധി നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് യുകെ സർക്കാരിന്റെ ആലോചന.