Sathyian Nedumancherriyil

Subject : ബെർലിൻ വനത്തിൽ റഷ്യൻ രഹസ്യ ആയുധ ശേഖരം; പ്രതിയെ വിട്ടുകിട്ടാൻ ജർമ്മനി, റഷ്യൻ ഗൂഢാലോചനയിൽ വൻ അന്വേഷണം!

ബെർലിൻ വനത്തിൽ റഷ്യൻ രഹസ്യ ആയുധ ശേഖരം; പ്രതിയെ വിട്ടുകിട്ടാൻ ജർമ്മനി, റഷ്യൻ ഗൂഢാലോചനയിൽ വൻ അന്വേഷണം!

ബർലിൻ: ജർമ്മനിയിലെ ബെർലിൻ വനമേഖലയിൽ രഹസ്യമായി സൂക്ഷിച്ച ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിൽ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി ജർമ്മനി. കേസിൽ സംശയിക്കുന്ന ഒരു വ്യക്തിയെ റൊമാനിയയിൽ നിന്ന് വിട്ടുകിട്ടുന്നതിനായി ജർമ്മനി നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഗുരുതരമായ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടു എന്ന സംശയത്തിലാണ് ഫെഡറൽ പ്രോസിക്യൂട്ടർമാർ അന്വേഷണം നടത്തുന്നതെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് അറിയിച്ചു.

ഏകദേശം ഒരു വർഷം മുൻപ് ജർമ്മൻ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബെർലിന് പുറത്തുള്ള വനമേഖലയിൽ നിന്ന് കൈതോക്കുകളും വെടിയുണ്ടകളും അടങ്ങിയ ശേഖരം കണ്ടെടുത്തത്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ ജർമ്മൻ മണ്ണിൽ പ്രമുഖരെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആയുധങ്ങൾ അവിടെ നിന്ന് മാറ്റുന്നതിന് പകരം അവ ഉപയോഗശൂന്യമാക്കിയ ശേഷം പ്രതികളെ കുടുക്കാൻ മാസങ്ങളോളം അന്വേഷണ സംഘം നിരീക്ഷണം നടത്തുകയായിരുന്നു.

റഷ്യൻ വിമതർ, ഉക്രെയ്ൻ അനുകൂലികൾ, പ്രതിരോധ ഉപകരണ നിർമ്മാണ കമ്പനി മേധാവികൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ആക്രമണ പദ്ധതികൾ തയ്യാറാക്കിയതെന്നാണ് നിഗമനം. അടുത്തിടെ ജർമ്മൻ ഡ്രോൺ നിർമ്മാണ കമ്പനിയായ ഡോണോസ്റ്റാളിന്റെ മേധാവിക്കും റെയിൻമെറ്റാൾ കമ്പനി മേധാവിക്കുമെതിരെ വധശ്രമ ഗൂഢാലോചന നടന്നിരുന്നതായി വിദേശ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻപ് ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്ന അതേ തന്ത്രമാണ് നിലവിൽ വനങ്ങളിൽ ആയുധങ്ങൾ ഒളിപ്പിച്ചു വെച്ച് നടപ്പിലാക്കുന്നതെന്നും ആരോപണമുണ്ട്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്നതിനായി എയർ കാർഗോകൾ വഴിയും പാർസലുകൾ വഴിയും സ്ഫോടനങ്ങൾ നടത്താൻ നീക്കം നടക്കുന്നതായി ഇൻ്റലിജൻസ് വ്യക്തമാക്കുന്നു. ഇതിന് മുൻപും ലെയ്പ്സിഗ് വിമാനത്താവളത്തിൽ പാർസൽ ബോംബ് പൊട്ടിത്തെറിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന അട്ടിമറി നീക്കങ്ങളിലോ ഭീഷണിപ്പെടുത്തലുകളിലോ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിലാണ് റഷ്യ.