Sathyian Nedumancherriyil

Subject : പടരുന്ന സ്കൂൾ വെടിവെപ്പ് ഭീതി; ഫിലിപ്പീൻസിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ രണ്ട് മരണം!

പടരുന്ന സ്കൂൾ വെടിവെപ്പ് ഭീതി; ഫിലിപ്പീൻസിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ രണ്ട് മരണം!

സാംബോംഗ: ദക്ഷിണ ഫിലിപ്പീൻസിലെ പ്രമുഖ കത്തോലിക്കാ സ്വാകാര്യ സ്കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. അധ്യാപകനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് ശേഷം അടുത്ത മുറിയിലുണ്ടായിരുന്ന വിദ്യാർത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റ് രണ്ടുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം അക്രമി സ്വയം ജീവനൊടുക്കി. രണ്ട് മാസത്തിനിടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സ്കൂൾ വെടിവെപ്പാണിത്.

അറ്റെനിയോ ഡി സാംബോംഗ യൂണിവേഴ്സിറ്റിയുമായി (Ateneo de Zamboanga University) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. നിലവിൽ മറ്റ് ഭീഷണികളോ കൂടുതൽ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും യൂണിവേഴ്സിറ്റി പ്രസിഡന്റ് ഏർനാൾഡ് അന്താൽ വ്യക്തമാക്കി. സാംബോംഗ സിറ്റി മേയർ ഖൈമർ അദാൻ ഒലാസോയാണ് അക്രമിയടക്കം രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചത്. ഉയർന്ന ശേഷിയുള്ള തോക്കും .45 കാലിബർ പിസ്റ്റളുമായിട്ടാണ് അക്രമി സ്കൂളിൽ കടന്നുകൂടിയത്.

നേരത്തെ ജൂണിൽ ടാക്ലോബാൻ സിറ്റിയിലെ (Tacloban City) പബ്ലിക് സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അക്രമികൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഗോർബോക്സ് (Gorebox) എന്ന ഓൺലൈൻ ഗെയിമിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം പശ്ചാത്തലങ്ങളിൽ അക്രമങ്ങൾ അനുകരിക്കുന്ന ശീലം (Copycat Phenomenon) തടയാൻ കൂടുതൽ പ്രതിരോധ നടപടികൾ ആവശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഫിലിപ്പീൻസിന് പുറമെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ അക്രമസംഭവങ്ങൾ വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുയർത്തുന്നുണ്ട്. ഈ മാസം ആദ്യത്തിൽ തായ്‌ലാന്റിലും 14 വയസ്സുകാരൻ സ്വന്തം മുത്തശ്ശിയെയും മുത്തശ്ശനെയും വെടിവെച്ച ശേഷം സ്കൂളിൽ കയറി കൂട്ടക്കൊല നടത്തുകയും പിന്നീട് സ്വയം ജീവനൊടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സ്കൂളുകളിൽ സുരക്ഷയും മാനസികാരോഗ്യ പിന്തുണയും വർദ്ധിപ്പിക്കാൻ സർക്കാരുകൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.