Sathyian Nedumancherriyil

Subject : സ്റ്റേഷനുകൾക്ക് സമീപം പതിനായിരക്കണക്കിന് പുതിയ വീടുകൾ; യുകെയിൽ പ്ലാനിംഗ് നിയമങ്ങളിൽ ഇളവുകളുമായി സർക്കാർ!

സ്റ്റേഷനുകൾക്ക് സമീപം പതിനായിരക്കണക്കിന് പുതിയ വീടുകൾ; യുകെയിൽ പ്ലാനിംഗ് നിയമങ്ങളിൽ ഇളവുകളുമായി സർക്കാർ!

ലണ്ടൻ: ട്രെയിൻ, ട്രാം സ്‌റ്റേഷനുകളിൽ നിന്ന് 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിൽ ഗ്രീൻ ബെൽറ്റ് പ്രദേശങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പുതിയ വീടുകൾ നിർമ്മിക്കാൻ അനുമതി നൽകുന്ന പ്ലാനിംഗ് നയങ്ങളിൽ ഇളവുകളുമായി യുകെ സർക്കാർ. ഹൗസിംഗ് സെക്രട്ടറി ഏഞ്ചല റെയ്‌നറാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സുഗമമായ ഗതാഗത സൗകര്യങ്ങളുള്ള സ്റ്റേഷനുകൾക്ക് സമീപം ഭവന വികസന പദ്ധതികൾ വരുമ്പോൾ തദ്ദേശീയ കൗൺസിലുകൾ അതിന്  അനുമതി നൽകണമെന്ന് പുതിയ ദേശീയ പ്ലാനിംഗ് ഗൈഡ്‌ലൈനിൽ നിർദ്ദേശിക്കുന്നു.

ഈ പാർലമെന്റിന്റെ കാലാവധി തീരുന്നതിന് മുൻപായി 15 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്ലാനിംഗ് ചട്ടങ്ങളിൽ ദശാബ്ദത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. ഗ്രീൻ ബെൽറ്റ് ഭൂമിയിലാണ് വികസനമെങ്കിൽ, താങ്ങാനാവുന്ന വിലയിലുള്ള കൂടുതൽ വീടുകൾ, പച്ചപ്പുള്ള പ്രദേശങ്ങൾ, അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്ന ഉപനിബന്ധനയുമുണ്ട്. ജനങ്ങൾക്ക് ജോലിക്കും പഠനത്തിനും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ജീവിക്കാൻ ഇത് വഴിമരുന്നിടുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

പുതിയ നയപ്രകാരം കമ്മ്യൂണിറ്റി സൗകര്യങ്ങൾക്ക് വലിയ സംരക്ഷണം നൽകുന്നുണ്ട്. ജനങ്ങൾ ഒത്തുകൂടുന്ന പബ്ബുകൾ (Pubs) പെട്ടെന്ന് പൊളിച്ചുമാറ്റി റെസിഡൻഷ്യൽ കെട്ടിടങ്ങളോ ഓഫീസുകളോ ആക്കാൻ അനുവദിക്കില്ല. ഒരു വർഷമെങ്കിലും വിൽപ്പനയ്ക്കായി പരസ്യം നൽകിയിട്ടും വാങ്ങി ആളില്ലെന്ന് തെളിയിച്ചാൽ മാത്രമേ ഇത്തരം കെട്ടിടങ്ങൾ പുനർനിർമ്മിക്കാൻ അനുമതി ലഭിക്കൂ. കൂടാതെ വലിയ ഭവന പദ്ധതികളിൽ കുറഞ്ഞത് 40% എങ്കിലും എല്ലാവർക്കും പ്രാപ്യമായ (Accessible) രീതിയിലായിരിക്കണം നിർമ്മിക്കേണ്ടത്.

അതേസമയം, പ്രാദേശിക കൗൺസിലുകളുടെയും കമ്മ്യൂണിറ്റികളുടെയും അധികാരം കവർന്നെടുക്കുന്ന കേന്ദ്രീകൃത തീരുമാനമാണിതെന്ന് പ്രതിപക്ഷ പാർട്ടികളായ കൺസർവേറ്റീവുകളും റിഫോം യുകെയും വിമർശിച്ചു. പ്രദേശവാസികളുടെ അഭിപ്രായം തേടാതെ വൻകിട വികസനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ പ്രധാന നഗരങ്ങളിലെ തൊഴിലവസരങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാവുന്ന രീതിയിൽ ഇത്തരം വികസനങ്ങൾ വരുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ജീവിതനിലവാരത്തിനും വലിയ കുതിപ്പേകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.