Sathyian Nedumancherriyil

Subject : നോർത്ത് ലണ്ടനിൽ 23-കാരി കൊല്ലപ്പെട്ട നിലയിൽ: സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.

നോർത്ത് ലണ്ടനിൽ 23-കാരി കൊല്ലപ്പെട്ട നിലയിൽ: സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.

ലണ്ടൻ: നോർത്ത് ലണ്ടനിലെ ക്ലർക്കൻവെല്ലിൽ 23-കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലർക്കൻവെല്ലിലെ ബോളിൻഡർ പ്ലേസിലുള്ള ആഡംബര ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പോലീസും ആംബുലൻസ് വിഭാഗവും ബോധരഹിതയായ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തുനിന്നു തന്നെ 20, 21, 23, 26 വയസ്സുള്ള നാല് സ്ത്രീകളെയും 21, 24 വയസ്സുള്ള രണ്ട് പുരുഷന്മാരെയുമാണ് പോലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ വലിയ രീതിയിലുള്ള ബഹളവും പോലീസ് തിരക്കും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ലണ്ടനിലെ ഉയർന്ന വാടകയുള്ള ആഡംബര മേഖലയിലാണ് ഈ അപാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഇത് പൊതുജനങ്ങൾക്ക് ഭീഷണിയുള്ള സംഭവമല്ലെന്നും നിലവിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.