Sathyian Nedumancherriyil

Subject : ഹെൽപ് ടു ബൈ’ പദ്ധതിയും വ്യാജ പ്രചാരണങ്ങളും: പ്രവാസി കുടുംബങ്ങൾ അനാവശ്യമായി പരിഭ്രാന്തരാകേണ്ടതില്ല!

ഹെൽപ് ടു ബൈ’ പദ്ധതിയും വ്യാജ പ്രചാരണങ്ങളും: പ്രവാസി കുടുംബങ്ങൾ അനാവശ്യമായി പരിഭ്രാന്തരാകേണ്ടതില്ല!

ഡബ്ലിൻ: അയർലണ്ടിലെ ‘ഹെൽപ് ടു ബൈ’ (Help to Buy) ഭവന സഹായ പദ്ധതിയെച്ചൊല്ലി  സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ പ്രവാസി കുടിയേറ്റ കുടുംബങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ത്യയിലോ മറ്റ് വിദേശ രാജ്യങ്ങളിലോ സ്വന്തമായി വീടുള്ളവർ പദ്ധതിയിലൂടെ കൈപ്പറ്റിയ ആനുകൂല്യം മുഴുവൻ തിരിച്ചടയ്ക്കേണ്ടി വരുമെന്നാണ് പ്രധാന പ്രചാരണം. വലതുപക്ഷ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും ഇത് കുടിയേറ്റക്കാരുടെ തട്ടിപ്പായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രവാസികളെ പ്രത്യേകമായി ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നതായോ വിദേശത്ത് വീടുള്ള എല്ലാവരെയും തടയുന്നതായോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.

ഹെൽപ് ടു ബൈ എന്നത് സാധാരണ അർത്ഥത്തിലുള്ള ഒരു സർക്കാർ ഗ്രാന്റല്ല, മറിച്ച് അയർലണ്ടിൽ കഴിഞ്ഞ വർഷങ്ങളിൽ അടച്ച ഇങ്കം ടാക്സ്, ഡേർട്ട് എന്നിവയിൽ നിന്ന് ലഭിക്കുന്ന നികുതി റീഫണ്ടാണ്. പരമാവധി 30,000 യൂറോയോ അല്ലെങ്കിൽ വീടിന്റെ വിലയുടെ 10 ശതമാനമോ ആണ് പദ്ധതിയിലൂടെ ലഭിക്കുക. ഇതിന്റെ പ്രധാന നിബന്ധന അപേക്ഷകൻ മുൻപ് അയർലണ്ടിലോ വിദേശത്തോ സ്വന്തമായി വീട് വാങ്ങാത്ത ‘ഫസ്റ്റ് ടൈം ബയർ’ ആയിരിക്കണം എന്നതാണ്. എന്നാൽ ഇന്ത്യയിലുള്ള മാതാപിതാക്കളുടെ പേരിലുള്ള കുടുംബവീടോ പാരമ്പര്യ സ്വത്തോ കൈവശമുള്ള എല്ലാവരും പദ്ധതിയിൽ നിന്ന് അയോഗ്യരാകുമെന്ന് കരുതേണ്ടതില്ല, അപേക്ഷകന്റെ നിയമപരമായ ഉടമസ്ഥത മാത്രമാണ് ഇവിടെ നിർണ്ണായകം.

ഇന്ത്യയിലെ മുഴുവൻ വസ്തുവകകളുടെയും വിവരങ്ങൾ അയർലണ്ട് റവന്യൂവിന്റെ സിസ്റ്റത്തിൽ തത്സമയം ലഭ്യമാണെന്ന സമൂഹമാധ്യമ വാദങ്ങൾ കേവലം അതിശയോക്തി മാത്രമാണ്. എല്ലാ വിദേശ വീടുകളുടെയും ഭൂമിയുടെയും രജിസ്ട്രേഷൻ വിവരങ്ങൾ സ്വയം അയർലണ്ടിലേക്ക് കൈമാറുന്ന സാങ്കേതിക സംവിധാനങ്ങൾ നിലവിലില്ല. അതിനാൽ വസ്തുവകകൾ സ്വന്തം പേരിലാണോ മാതാപിതാക്കളുടെ പേരിലാണോ എന്നതിനെക്കുറിച്ചുള്ള കൃത്യമായ രേഖകൾ കൈവശം സൂക്ഷിച്ചാൽ മതിയാകും. വംശീയമോ രാഷ്ട്രീയമോ ആയ അനാവശ്യ പ്രചാരണങ്ങൾക്ക് വിലകൊടുത്ത് കുടിയേറ്റ കുടുംബങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വ്യക്തം