അയർലണ്ടിൽ വൻ തൊഴിൽ നഷ്ട ഭീതി: ബോസ്റ്റൺ സയന്റിഫിക്കിൽ കൂട്ടപ്പിരിച്ചുവിടലിന് നീക്കം!
ഡബ്ലിൻ: പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ ‘ബോസ്റ്റൺ സയന്റിഫിക്കിന്റെ’ (Boston Scientific) അയർലണ്ടിലെ പ്ലാന്റുകളിൽ കൂട്ടപ്പിരിച്ചുവിടൽ ഭീഷണി. ഗോൾവേ, കോർക്ക്, ക്ലോൺമെൽ എന്നിവിടങ്ങളിലെ കമ്പനി ജീവനക്കാരെ ബാധിക്കുന്ന നിർണ്ണായക അറിയിപ്പ് കമ്പനി ഐറിഷ് ഗവൺമെന്റിന് കൈമാറി. എന്നാൽ എത്ര ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ അയർലണ്ടിലെ വിവിധ ബോസ്റ്റൺ സയന്റിഫിക് സെന്ററുകളിലായി ഏഴായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്.
ചെലവുകൾ ചുരുക്കുന്നതിന്റെയും ആഗോളതലത്തിൽ കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള പുതിയ പദ്ധതിക്ക് ബോസ്റ്റൺ സയന്റിഫിക് ബോർഡ് യോഗം അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ ജൂലൈ 22-ന് കമ്പനിയിൽ നിന്ന് പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ഐറിഷ് എന്റർപ്രൈസ് മന്ത്രാലയം സ്ഥിരീകരിച്ചു. സാധാരണയായി മുപ്പതിൽ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലാണ് കമ്പനികൾ സർക്കാരിന് ഇത്തരത്തിൽ നോട്ടീസ് നൽകുന്നത്.
കഴിഞ്ഞ 30 വർഷമായി അയർലണ്ടിൽ വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബോസ്റ്റൺ സയന്റിഫിക്. ആഗോള വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ മാറ്റങ്ങളെന്ന് കമ്പനി വ്യക്തമാക്കുന്നു. അയർലണ്ട് ഇപ്പോഴും തങ്ങളുടെ ആഗോള ശൃംഖലയുടെ പ്രധാന ഭാഗമാണെന്നും ഐറിഷ് ജീവനക്കാരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കളായ കമ്പനിയിലെ ജീവനക്കാരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലേബർ പാർട്ടി വക്താവ് ജോർജ്ജ് ലോലർ ആവശ്യപ്പെട്ടു. ട്രംപിന്റെ പുതിയ താരിഫ് നയങ്ങളും അന്താരാഷ്ട്ര തലത്തിലുണ്ടാക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണിയിലായ തൊഴിലുകൾ സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തര കർമ്മപദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.