Sathyian Nedumancherriyil

Subject : യുകെയിൽ കുറ്റം ചെയ്യുന്ന യു.എസ് സൈനികർ ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നു: നടപടികളുമായി സർക്കാർ!

യുകെയിൽ കുറ്റം ചെയ്യുന്ന യു.എസ് സൈനികർ ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നു: നടപടികളുമായി സർക്കാർ!

ലണ്ടൻ: ബ്രിട്ടീഷ് മണ്ണിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന യു.എസ് സൈനികർ യുകെ നീതിന്യായ വ്യവസ്ഥയിൽ നിന്നും വിചാരണയിൽ നിന്നും ഒഴിവാകുന്ന നടപടിക്രമങ്ങൾ ബ്രിട്ടീഷ് സർക്കാരും പോലീസ് മേധാവികളും സംയുക്തമായി അവലോകനം ചെയ്യുന്നു. ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ പ്രാഥമിക അന്വേഷണ ചുമതലയുള്ള യുകെ പോലീസ് സേനകൾ, എന്തുകൊണ്ടാണ് വിചാരണാധികാരം യു.എസ് സൈനിക അന്വേഷകർക്ക് കൈമാറുന്നത് എന്ന കാര്യത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

ബ്രിട്ടീഷ് യുവതി സാറ സ്റ്റീലിനെ തന്റെ അപ്പാർട്ട്മെന്റിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ശ്വാസം മുട്ടിക്കുകയും ചെയ്ത കേസിൽ യു.എസ് ഫൈറ്റർ പൈലറ്റ് ക്യാപ്റ്റൻ ജേക്കബ് വുൾഫ്സണെ യുകെ പോലീസ് യു.എസ് മിലിട്ടറി പോലീസിന് കൈമാറിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് യു.എസ് എയർബേസിൽ നടന്ന വിചാരണയിൽ ലൈംഗിക അതിക്രമ കുറ്റങ്ങളിൽ നിന്നും വുൾഫ്സണെ ഒഴിവാക്കുകയും ശ്വാസം മുട്ടിച്ചെന്ന താരതമ്യേന ലളിതമായ കുറ്റത്തിന് വെറും ആറുമാസത്തെ ശിക്ഷ മാത്രം നൽകുകയുമായിരുന്നു.

സംഭവത്തിൽ ഇരയായ സാറ സ്റ്റീൽ ഉൾപ്പെടെയുള്ളവരുമായി യുകെ ആഭ്യന്തര മന്ത്രാലയത്തിലെയും നീതിപൂർവ്വ വകുപ്പിലെയും മന്ത്രിമാർ കൂടിക്കാഴ്ച നടത്തുകയും ഇത്തരം കേസുകളിൽ വരുത്തേണ്ട നിയമപരമായ മാറ്റങ്ങളെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. വിദേശ സൈനികർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ യു.കെ പോലീസും പ്രോസിക്യൂഷനും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതിന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിലുമായി (NPCC) ചേർന്ന് സർക്കാർ പ്രവർത്തിക്കുകയാണ്. സമാനമായ രീതിയിൽ മറ്റ് നിരവധി കേസുകളിലും യുകെ പോലീസ് കേസുകൾ യു.എസ് മിലിട്ടറിക്ക് കൈമാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുകെയിൽ പതിനഞ്ചിലധികം താവളങ്ങളിലായി 12,000-ത്തിലധികം യു.എസ് സൈനിക ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്. 1950-കളിലെ നിയമപ്രകാരം സൈനികർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചെയ്യുന്ന കുറ്റങ്ങൾ മാത്രമാണ് സ്വന്തം കോടതികളിൽ വിചാരണ ചെയ്യാൻ അമേരിക്കയ്ക്ക് അവകാശമുള്ളത്. മറ്റു കുറ്റങ്ങളിൽ വിചാരണ നടത്താൻ യുകെ പോലീസിനാണ് ആദ്യ അവകാശമെങ്കിലും അമേരിക്കൻ അധികൃതരുടെ സമ്മർദ്ദത്തിന് ബ്രിട്ടീഷ് പോലീസ് വഴങ്ങുകയാണെന്ന് ആരോപണമുണ്ട്. സ്വന്തം മണ്ണിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വിദേശ സൈനികർ ബ്രിട്ടീഷ് നിയമങ്ങൾക്ക് വിധേയരാകണമെന്ന് യുകെയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളും എം.പിമാരും ആവശ്യപ്പെട്ടിട്ടുണ്ട്.