Sathyian Nedumancherriyil

Subject : റെക്കോർഡ് ചൂടും ജലക്ഷാമവും; ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരൾച്ചയുടെ പിടിയിൽ.

റെക്കോർഡ് ചൂടും ജലക്ഷാമവും; ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരൾച്ചയുടെ പിടിയിൽ.

ലണ്ടൻ: ഇംഗ്ലണ്ടിന്റെ പകുതിയോളം ഭാഗങ്ങളിൽ കടുത്ത വരൾച്ചയെന്ന് ഔദ്യോഗിക സ്ഥിരീകരണം. അസാധാരണമായ വിധം താപനില ഉയർന്നതും മഴയുടെ ലഭ്യത വൻതോതിൽ കുറഞ്ഞതുമാണ് രാജ്യത്തെ ഗുരുതരമായ സാഹചര്യത്തിലേക്ക് തള്ളിവിട്ടതെന്ന് എൻവയോൺമെന്റ് ഏജൻസി അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂലൈ മാസത്തിലൂടെയാണ് ഇംഗ്ലണ്ട് ഇപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാം തവണയാണ് രാജ്യം ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്.

ലണ്ടൻ, ഡെവോൺ, കോൺവാൾ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഉൾപ്പെടെ ഏഴോളം പ്രധാന മേഖലകളെയാണ് വരൾച്ച സാരമായി ബാധിച്ചിരിക്കുന്നത്. കടുത്ത ജലക്ഷാമത്തെ തുടർന്ന് രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങൾക്ക് ജലഉപയോഗത്തിൽ കർശന നിയന്ത്രണം (ഹോസ്പൈപ്പ് ബാൻ) ഏർപ്പെടുത്തിക്കഴിഞ്ഞു. ഡെവോണിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞ 50 ദിവസമായി മഴ പെയ്തിട്ടില്ല. ജലാശയങ്ങളിലെയും ഡാമുകളിലെയും ജലനിരപ്പ് ശരാശരിയേക്കാൾ വളരെ താഴെയാണെന്നാണ് റിപ്പോർട്ടുകൾ.

ഈ വേനൽക്കാലത്തെ നാലാമത്തെ ഉഷ്ണതരംഗമാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. പലയിടങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. കടുത്ത ചൂട് കാരണം നദികൾ വറ്റിവരളുന്നത് ആറ്റ്‌ലാന്റിക് സാൽമൺ അടക്കമുള്ള മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. നദികളിലെ ഓക്സിജന്റെ അളവ് കുറയുന്നത് തടയാൻ കൃത്രിമ സംവിധാനങ്ങൾ ഒരുക്കുകയാണ് അധികൃതർ. വരൾച്ചയും ഉയർന്ന താപനിലയും വനാഗ്നി പടരാനുള്ള സാധ്യതയും വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.