Sathyian Nedumancherriyil

Subject : കാട്ടുതീയിൽ വെന്തുരുകി യൂറോപ്പ്: ഫ്രാൻസിലും സ്പെയിനിലും സ്ഥിതി രൂക്ഷം.

കാട്ടുതീയിൽ വെന്തുരുകി യൂറോപ്പ്: ഫ്രാൻസിലും സ്പെയിനിലും സ്ഥിതി രൂക്ഷം.

മാഡ്രിഡ്: വീണ്ടുമൊരു കടുത്ത ഉഷ്ണതരംഗം ആസന്നമായിരിക്കെ, സ്പെയിനിലും ഫ്രാൻസിലും പടർന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ തീവ്രമായി തുടരുന്നു. സ്പെയിനിലെ ആവിലയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ 50,000 ഹെക്ടർ പ്രദേശമാണ് കത്തിയമർന്നത്. തലസ്ഥാനമായ മാഡ്രിഡിന് സമീപം ആകെ 70,000 ഹെക്ടറോളം ഭൂമി ചാമ്പലായപ്പോൾ, വരും ദിവസങ്ങളിൽ താപനില വീണ്ടും ഉയരുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്ക വർദ്ധിപ്പിക്കുന്നു.

ഫ്രാൻസിലെ ഴിറോണ്ട് പ്രവിശ്യയിൽ കാട്ടുതീ നിയന്ത്രണാതീതമായി ബോർഡോ നഗരത്തിന്റെ 15 കിലോമീറ്റർ അടുത്തെത്തി. മേഖലയിൽ 42,000 ഹെക്ടർ വനഭൂമി നശിക്കുകയും 2,20,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. പുക ഉയർന്നതിനെ തുടർന്ന് വായുനിലവാരം തകരാറിലായതിനാൽ ജനങ്ങളോട് മാസ്ക് ധരിക്കാനും വീടുകൾക്കുള്ളിൽ തന്നെ കഴിയാനും ആരോഗ്യ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

പോർച്ചുഗലിലും ഇറ്റലിയിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. ഇറ്റലിയിലെ പുളിയ പ്രവിശ്യയിലെ തീരദേശ കാടുകളിൽ തീ പടർന്നതിനെ തുടർന്ന് വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകളെ കടൽമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ നേരിടാൻ യൂറോപ്യൻ യൂണിയൻ അടിയന്തര സഹായമായി പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും അഗ്നിശമന സേനാംഗങ്ങളെയും വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

ആഗോള കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിനെ ചാമ്പലാക്കുന്ന ഈ പ്രതിസന്ധിക്ക് കാരണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. സാധാരണയായി വേനൽക്കാലത്ത് മാത്രം കാണാറുള്ള കാട്ടുതീ ഇത്തവണ ഏപ്രിൽ മാസം മുതൽ ആരംഭിച്ചതായും നവംബർ വരെ തുടരാൻ സാധ്യതയുണ്ടെന്നും യൂറോപ്യൻ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.