യുകെയിലെ താവളങ്ങൾ നവീകരിക്കാൻ അമേരിക്ക; രഹസ്യ ആണവ ബങ്കറുകൾക്കായി കോടികൾ ഒഴുക്കുന്നു.
ലണ്ടൻ: യുകെയിലെ അമേരിക്കൻ സൈനിക-രഹസ്യവിവര ശേഖരണ താവളങ്ങൾ നവീകരിക്കുന്നതിനായി 4 ബില്യൺ ഡോളറിലധികം (3 ബില്യൺ പൗണ്ട്) ചെലവഴിക്കാൻ യുഎസ് ഭരണകൂടം ഒരുങ്ങുന്നതായി ഔദ്യോഗിക രേഖകൾ. ബ്രിട്ടൻ രഹസ്യമായി അമേരിക്കൻ ആണവായുധങ്ങൾ സൂക്ഷിക്കുന്ന താവളമായി മാറുന്നുവെന്ന സൂചനകളിലേക്കാണ് ഈ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്. ആണവായുധങ്ങൾ സംഭരിക്കാൻ സാധിക്കുന്ന പുതിയ ബങ്കറുകൾ സഫോക്കിൽ നിർമ്മിക്കുന്നതും അതീവ രഹസ്യ ഓപ്പറേഷനുകൾ നടത്തുന്നതിനുള്ള അത്യാധുനിക സൌകര്യങ്ങൾ ഒരുക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.
നിലവിൽ യുകെയിലെ 15 സൈനിക താവളങ്ങളിലായി പന്തീരായിരത്തിലധികം യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പങ്കാളിത്തത്തിന്റെ അടിസ്ഥാനമാണ് ഈ താവളങ്ങളെങ്കിലും, ഡൊണാൾഡ് ട്രംപിന്റെ ഇറാൻ യുദ്ധത്തിന് യുകെ പൂർണ്ണ പിന്തുണ നൽകാത്തത് ഈ സഖ്യത്തിൽ നേരിയ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. പെന്റഗണിന്റെ നിർമ്മാണ ചുമതലയുള്ള വിഭാഗം മാർച്ചിൽ നടന്ന ഒരു കോൺഫറൻസിൽ അവതരിപ്പിച്ച രേഖകളിലാണ് ഈ വൻ നിക്ഷേപത്തിന്റെ വിവരങ്ങളുള്ളത്.
ഈ ഫണ്ടിന്റെ ഏറ്റവും വലിയ പങ്ക് (1.6 ബില്യൺ ഡോളറിലധികം) ലഭിക്കുന്നത് സഫോക്കിലെ ആർഎഎഫ് ലേക്കൻഹീത്ത് (RAF Lakenheath) താവളത്തിനാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ തലമുറയിൽപ്പെട്ട ആണവായുധ ശേഖരം ഈ താവളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയൊരുങ്ങുന്നത്. ഇതിനുപുറമെ, സഫോക്കിലെ തന്നെ മിൽഡൻഹാൾ (Mildenhall) താവളത്തിനായി 1.1 ബില്യൺ ഡോളർ മാറ്റിവെച്ചിരിക്കുന്നു. ഇറാൻ യുദ്ധസമയത്ത് യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സഹായിച്ചതും യൂറോപ്പിലും ആഫ്രിക്കയിലും അതീവ രഹസ്യ സൈനിക നീക്കങ്ങൾ നടത്തുന്നതുമായ കമാൻഡോ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് ഈ താവളത്തിലാണ്.
ഇറാൻ ആക്രമണത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഗ്ലൗസെസ്റ്റർഷെയറിലെ ആർഎഎഫ് ഫെയർഫോർഡ് (RAF Fairford) താവളത്തിൽ വൻ ബോംബർ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള റൺവേയും പുതിയ ഹാങ്കർ കോംപ്ലക്സും നിർമ്മിക്കാൻ 500 മില്യൺ ഡോളറോളം ചെലവഴിക്കും. മിഡിൽ ഈസ്റ്റ് അടക്കമുള്ള ആഗോള കമ്മ്യൂണിക്കേഷനുകൾ ചോർത്തിയെടുക്കാൻ യുഎസ് ഉപയോഗിക്കുന്ന യോർക്ഷെയറിലെ അതീവ രഹസ്യ നിരീക്ഷണ കേന്ദ്രമായ മെൻവിത്ത് ഹില്ലിനായി (Menwith Hill) 163 മില്യൺ ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്