Sathyian Nedumancherriyil

Subject : ലോസ് ആഞ്ചലസിൽ അടിയന്തരാവസ്ഥ; വെയർഹൗസ് തീപിടിത്തത്തിൽ പുകയിൽ മുങ്ങി നഗരം.

ലോസ് ആഞ്ചലസിൽ അടിയന്തരാവസ്ഥ; വെയർഹൗസ് തീപിടിത്തത്തിൽ പുകയിൽ മുങ്ങി നഗരം.

ലോസ് ആഞ്ചലസ്: നഗരത്തിലെ ബോയൽ ഹൈറ്റ്സിലുള്ള കൂറ്റൻ കോൾഡ് സ്റ്റോറേജ് വെയർഹൗസിലുണ്ടായ വൻ തീപിടിത്തത്തെത്തുടർന്ന് ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദിവസങ്ങളായി നഗരത്തിലുടനീളം പുക പടരുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മേയർ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസത്തിന്റെ സഹായം തേടിയിട്ടുണ്ട്.

ജൂൺ 17-നാണ് അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ മുകളിലെ സോളാർ പാനലുകൾക്ക് തീപിടിച്ചത്. തുടർന്ന് കെട്ടിടത്തിനുള്ളിലെ അമോണിയ പൈപ്പ് ലൈൻ തകർന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കടുത്ത വിഷപ്പുക പുറന്തള്ളുന്ന അമോണിയ ചോർച്ചയും വായു മലിനീകരണവും കണക്കിലെടുത്ത് പ്രദേശവാസികൾക്ക് വീടുകളിൽ തന്നെ തുടരാൻ (Shelter-in-place) അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പുകയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാൻ പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങളും തുറന്നു.

കെട്ടിടത്തിനുള്ളിലെ കനത്ത പുകയും അപകടസാധ്യതയും കാരണം ഹെലികോപ്റ്ററുകൾ വഴിയാണ് അഗ്നിശമനസേന വെള്ളം കോരിയൊഴിക്കുന്നത്. തീ പൂർണ്ണമായും അണച്ച ശേഷം കെട്ടിടത്തിനുള്ളിൽ ചീഞ്ഞഴുകിയ നിലയിലുള്ള ഏകദേശം 8.5 കോടി പൗണ്ട് (85 million lbs) ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്യേണ്ടതുണ്ട്. ചിക്കൻ, പോർക്ക്, ബീഫ് തുടങ്ങിയവ ചീഞ്ഞുനാറുന്നത് മൂലമുണ്ടാകുന്ന ജൈവ ആരോഗ്യപ്രശ്നങ്ങൾ (Biohazard) നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ.