മിഡിൽ ഈസ്റ്റ് യുദ്ധം യുകെ റീട്ടെയിൽ ഭീമന് കനത്ത പ്രഹരമാകുന്നു; ലാഭപ്രതീക്ഷ വെട്ടിക്കുറച്ച് ഡബ്ല്യുഎച്ച് സ്മിത്ത്, ഓഹരി വിലയിൽ വൻ ഇടിവ്.
വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റ് (Middle East) സംഘർഷങ്ങളെ തുടർന്ന് യുഎസ് വിമാനത്താവളങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ കടുത്ത കുറവുണ്ടായ പശ്ചാത്തലത്തിൽ, പ്രമുഖ റീട്ടെയിൽ ബ്രാൻഡായ ഡബ്ല്യുഎച്ച് സ്മിത്ത് (WH Smith) തങ്ങളുടെ ലാഭപ്രതീക്ഷകൾ വെട്ടിക്കുറച്ചു (Profit warning). ആഗോളതലത്തിൽ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ആശുപത്രികളിലുമായി 1,200ഓളം ഔട്ട്ലെറ്റുകൾ നടത്തുന്ന കമ്പനി, തകർച്ച നേരിടുന്ന സാമ്പത്തികാവസ്ഥ ശക്തിപ്പെടുത്തുന്നതിനായി 100 മില്യൺ പൗണ്ട് സമാഹരിക്കാൻ ഒരുങ്ങുകയാണ്.
മിഡിൽ ഈസ്റ്റ് യുദ്ധം കാരണം യുകെയിലെ വിമാനത്താവളങ്ങളിലെ റവന്യൂ വരുമാനത്തിൽ നേരത്തെ തന്നെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വടക്കേ അമേരിക്കയിലെ (North America) ബിസിനസ്സിനെയും ഇത് ബാധിച്ചിരിക്കുന്നത്. ജൂൺ 6 വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ ഏഴ് ആഴ്ചകളിൽ ഇവിടുത്തെ വിമാനത്താവളങ്ങളിലെ വരുമാനത്തിൽ 2 ശതമാനത്തിന്റെ കുറവുണ്ടായി. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയിലുണ്ടായ കുറവും വിമാന ഇന്ധന വിലക്കയറ്റവും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ചില സ്റ്റോറുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കമ്പനി ഈ വർഷം 150 മില്യൺ പൗണ്ടിന്റെ നോൺ-കാഷ് ഇംപെയർമെന്റ് ചാർജ് രേഖപ്പെടുത്തും. നേരിട്ട് നടത്തുന്ന നഷ്ടത്തിലുള്ള ചില ഔട്ട്ലെറ്റുകൾക്ക് പകരം ഫ്രാഞ്ചൈസി മാതൃകയിലേക്ക് മാറുമെന്നും നിലവിലെ പ്രതിസന്ധി മറികടക്കാൻ ‘സ്വയം സഹായ’ (Self-help) പരിപാടികൾ ആരംഭിക്കുമെന്നും ഡബ്ല്യുഎച്ച് സ്മിത്ത് എക്സിക്യൂട്ടീവ് ചെയർമാൻ ലിയോ ക്വിൻ വ്യക്തമാക്കി.
നിലവിലെ ആഗോള പ്രതിസന്ധികൾക്ക് പുറമെ, മുൻപ് വടക്കേ അമേരിക്കൻ ശാഖയിൽ നടന്ന 50 മില്യൺ പൗണ്ടിന്റെ അക്കൗണ്ടിംഗ് അഴിമതിയും കമ്പനിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഈ അഴിമതിയെ തുടർന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് കാൾ കൗളിംഗ് രാജിവെക്കേണ്ടി വരികയും വിപണി മൂല്യത്തിൽ 600 മില്യൺ പൗണ്ടിന്റെ ഇടിവുണ്ടാവുകയും ചെയ്തിരുന്നു. യുകെയിലെ അക്കൗണ്ടിംഗ് വാച്ച്ഡോഗായ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് കൗൺസിൽ (FRC), പ്രമുഖ ഓഡിറ്റിംഗ് സ്ഥാപനമായ പിഡബ്ല്യുസി (PwC) നടത്തിയ ഓഡിറ്റിംഗിനെക്കുറിച്ച് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.