Sathyian Nedumancherriyil

Subject : ആപ്പിളും ഗൂഗിളും കുട്ടികളുടെ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്ന സോഫ്റ്റ്‌വെയർ സെപ്റ്റംബറിനകം നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു.

ആപ്പിളും ഗൂഗിളും കുട്ടികളുടെ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്ന സോഫ്റ്റ്‌വെയർ സെപ്റ്റംബറിനകം നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു.

ലണ്ടൻ :ആപ്പിളും ഗൂഗിളും കുട്ടികളുടെ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്ന സോഫ്റ്റ്‌വെയർ സെപ്റ്റംബറിനകം നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ലണ്ടൻ ടെക് വീക്കിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. കമ്പനികൾ ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ, യുകെയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ടാബ്‌ലറ്റുകളിലും ഇത്തരം സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കുന്ന നിയമനിർമ്മാണം മൂന്ന് മാസത്തിനകം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂർത്തിയായവരെന്ന് തെളിയിക്കാത്ത പക്ഷം കുട്ടികൾക്ക് നഗ്നചിത്രങ്ങൾ എടുക്കാനോ പങ്കിടാനോ സാധിക്കാത്ത വിധം ‘ന്യൂഡിറ്റി-ഡിറ്റക്ഷൻ’ അൽഗോരിതങ്ങൾ വികസിപ്പിക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികൾ നഗ്നചിത്രങ്ങൾ എടുക്കുന്നത് തടയാൻ സ്റ്റാർമർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് സേഫ്ഗാർഡിംഗ് മന്ത്രി ജെസ് ഫിലിപ്സ് രാജിവെച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം. ഈ പുതിയ പ്ലാൻ നടപ്പിലാകുന്നതോടെ കുട്ടികൾ അശ്ലീല ചിത്രങ്ങൾ എടുക്കുന്നതും കാണുന്നതും പൂർണ്ണമായി തടയുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ മാറും.

നിലവിൽ ആപ്പിളിന്റെയും ഗൂഗിളിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും, ഒരു പാസ്‌കോഡ് ഉപയോഗിച്ച് കുട്ടികൾക്ക് ഇത് മറികടക്കാൻ സാധിക്കും. വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള തേർഡ് പാർട്ടി ആപ്പുകളിൽ പോലും പൂർണ്ണമായി പ്രവർത്തിക്കുന്ന ഒരു സംവിധാനം നിലവിൽ ഇവയ്ക്കില്ല. എന്നാൽ, ‘സേഫ്റ്റൂനെറ്റ്’ എന്ന യുകെ കമ്പനി വികസിപ്പിച്ച ‘ഹാംബ്ലോക്ക്’ (HarmBlock) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എച്ച്എംഡി ഗ്ലോബൽ (HMD Global) ഇതിനകം തന്നെ കുട്ടികൾക്കായി ഇത്തരം ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.

ജൂൺ 18-ന് നടക്കുന്ന മേക്കർഫീൽഡ് ഉപതെരഞ്ഞെടുപ്പിലൂടെ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം പാർലമെന്റിലേക്ക് തിരിച്ചെത്താനും സ്റ്റാർമറുടെ നേതൃത്വത്തിന് വെല്ലുവിളിയാകാനും സാധ്യതയുള്ളതിനാൽ, ഈ നീക്കം സ്റ്റാർമറുടെ രാഷ്ട്രീയ നിലനിൽപ്പിനും നിർണ്ണായകമാണ്. ഒരു വർഷം മുൻപ് തന്നെ താൻ ഇതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിച്ചിട്ടും നിയമനിർമ്മാണത്തിന് പകരം കമ്പനികളെ ഭീഷണിപ്പെടുത്തുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും, പ്രഖ്യാപനങ്ങൾ വെറും പേരിന് മാത്രമാണെന്നും രാജിവെച്ച ജെസ് ഫിലിപ്സ് വിമർശിച്ചിരുന്നു.