ഒബാമയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; വില്ലനായത് മെറ്റായുടെ ‘എഐ സപ്പോർട്ട് ബോട്ട്’.
ന്യൂയോർക്ക്: മെറ്റായുടെ (Meta) പുതിയ എഐ സപ്പോർട്ട് ചാറ്റ്‌ബോട്ടിനെ കബളിപ്പിച്ച് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള പ്രമുഖ അക്കൗണ്ടുകൾ ഹാക്കർമാർ കൈക്കലാക്കി. യുഎസ് സ്പേസ് ഫോഴ്സ് ചീഫ് മാസ്റ്റർ സർജന്റ് ജോൺ ബെന്റീവെയ്ന, പ്രമുഖ ബ്യൂട്ടി ബ്രാൻഡായ സെഫോറ (Sephora) എന്നിവരുടെ അക്കൗണ്ടുകളും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പാസ്‌വേഡ് ഉൾപ്പെടെയുള്ള സുരക്ഷാ കാര്യങ്ങൾക്കായി എഐ ബോട്ടിനെ അമിതമായി ആശ്രയിക്കുന്നതിലെ അപകടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.
അക്കൗണ്ടുകളിലേക്ക് പുതിയ ഇമെയിൽ വിലാസങ്ങൾ ബന്ധിപ്പിക്കാൻ ഹാക്കർമാർ മെറ്റായുടെ എഐ അസിസ്റ്റന്റിനോട് ആവശ്യപ്പെടുകയായിരുന്നു. പുതിയ ഇമെയിലിലേക്ക് ലഭിച്ച വെരിഫിക്കേഷൻ കോഡ് ചാറ്റിൽ രേഖപ്പെടുത്തിയതോടെ അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റാനുള്ള ബട്ടൺ എഐ ബോട്ട് ഹാക്കർമാർക്ക് നൽകി. വിപിഎൻ (VPN) സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ യഥാർത്ഥ ലൊക്കേഷൻ മറച്ചുവെച്ചാണ് ഹാക്കർമാർ മെറ്റായുടെ സുരക്ഷാ സംവിധാനങ്ങളെ മറികടന്നത്. ഇത്തരത്തിൽ മോഷ്ടിച്ച പ്രമുഖ അക്കൗണ്ടുകൾ ടെലിഗ്രാം വഴി വില്പനയ്ക്ക് വെച്ചതായും റിപ്പോർട്ടുകളുണ്ട്.
പരാതികൾ വ്യാപകമായതോടെ സാങ്കേതിക തകരാർ പരിഹരിച്ചതായും ബാധിക്കപ്പെട്ട അക്കൗണ്ടുകൾ സുരക്ഷിതമാക്കിയതായും മെറ്റാ ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനും പാസ്‌വേഡ് മാറ്റാനും സഹായിക്കുന്നതിനായി ഈ വർഷം ആദ്യമാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മെറ്റാ ഈ എഐ അസിസ്റ്റന്റ് സംവിധാനം അവതരിപ്പിച്ചത്. എഐ ചാറ്റ്‌ബോട്ടുകളെ വഴിതെറ്റിച്ച് തെറ്റായ കാര്യങ്ങൾ ചെയ്യിക്കുന്ന ‘പ്രോംപ്റ്റ് ഇൻജക്ഷൻ’ (Prompt Injection) രീതിയാണ് ഹാക്കർമാർ ഇവിടെ പ്രയോഗിച്ചതെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.