കമ്പനിയുടെ വിൽപ്പനയിലും ലാഭത്തിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടും, ചീഫ് എക്സിക്യൂട്ടീവിന്റെ ശമ്പളം മൂന്നിരട്ടിയിലധികമായി (2.2 മില്യൺ പൗണ്ട്) വർദ്ധിപ്പിച്ചതിനെത്തുടർന്ന് കടുത്ത വിമർശനം
ലണ്ടൻ : കമ്പനിയുടെ വിൽപ്പനയിലും ലാഭത്തിലും വൻ ഇടിവ് രേഖപ്പെടുത്തിയിട്ടും, ചീഫ് എക്സിക്യൂട്ടീവിന്റെ ശമ്പളം മൂന്നിരട്ടിയിലധികമായി (2.2 മില്യൺ പൗണ്ട്) വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ പ്രമുഖ സ്വതന്ത്ര മ്യൂച്വൽ സഹകരണ സ്ഥാപനമായ ‘അവർകോപ്’ (OurCoop) കടുത്ത വിമർശനം നേരിടുന്നു. ഇംഗ്ലണ്ടിലുടനീളം 500 ഓളം ഭക്ഷ്യശാലകൾ നടത്തുന്ന ഈ ശൃംഖല, സാമ്പത്തിക പ്രതിസന്ധി മൂലം തങ്ങളുടെ അംഗങ്ങൾക്ക് ഈ വർഷം വാർഷിക ലാഭവിഹിതം (Profit-share) നൽകിയിട്ടില്ല.
സമാനമായി കമ്പനിയുടെ ഫിനാൻസ്, ടെക്നോളജി ആൻഡ് പ്രോപ്പർട്ടി ഓഫീസറായ സെലീന ബട്ടർഫീൽഡ്-മാഷൂഫിയുടെ ശമ്പളം 3.5 ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 1.13 മില്യൺ പൗണ്ടാക്കി മാറ്റി. കഴിഞ്ഞ വർഷം സെൻട്രൽ കോ-ഓപും ചെംസ്ഫോർഡ് സ്റ്റാർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ലയിപ്പിച്ചതിനൊപ്പം, ഈ ജനുവരിയിൽ മിഡ്കൗണ്ടീസ് കോ-ഓപ്പറേറ്റീവ് കൂടി കൂട്ടിച്ചേർത്താണ് അവർകോപ് രൂപീകരിച്ചത്.
എന്നാൽ ജനുവരി 24-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന 4.4% ഇടിഞ്ഞ് 844.6 മില്യൺ പൗണ്ടാകുകയും, വ്യാപാര ലാഭം പകുതിയോളമായി കുറഞ്ഞ് 4.3 മില്യൺ പൗണ്ടിൽ എത്തുകയും ചെയ്തു. കൂടാതെ കമ്പനിയുടെ അറ്റകടം 36 മില്യൺ പൗണ്ടായി ഉയർന്നിട്ടുണ്ട്. അവർകോപിന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വലിയ ശൃംഖലയായ കോ-ഓപ് ഗ്രൂപ്പിന് (Co-op Group) കഴിഞ്ഞ വർഷം നേരിട്ട സൈബർ ആക്രമണം ഈ തകർച്ചയ്ക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വലിയ ലയനങ്ങളുടെ പശ്ചാത്തലത്തിൽ, പ്രഗത്ഭരായ ഉന്നത ഉദ്യോഗസ്ഥരെ മറ്റ് കമ്പനികൾ തട്ടിയെടുക്കാതിരിക്കാൻ (Headhunting) വേണ്ടിയാണ് ശമ്പള പരിഷ്കരണ നയം നടപ്പിലാക്കിയതെന്ന് അവർകോപ് ഭരണസമിതി ന്യായീകരിച്ചു. ലയനങ്ങളോടെ എക്സിക്യൂട്ടീവ് ചുമതലകളുടെ വ്യാപ്തിയും ഉത്തരവാദിത്തവും വർദ്ധിച്ചതായും അവർ വ്യക്തമാക്കി.. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാവുകയും സാധാരണ ജീവനക്കാർക്കും അംഗങ്ങൾക്കും അതിന്റെ ഗുണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ഉന്നത ഉദ്യോഗസ്ഥർക്ക് ഇത്രയും വലിയ തുക ബോണസ് നൽകുന്നത് സഹകരണ മേഖലയുടെ മൂല്യങ്ങൾക്ക് ചേർന്നതാണോ എന്ന് അംഗങ്ങളും മുൻ ജീവനക്കാരും സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്യുന്നു.