അമേരിക്കയിൽ ഐസ് (ICE) വിരുദ്ധ പ്രതിഷേധക്കാർ കുറ്റക്കാരെന്ന് യുഎസ് ജൂറി, കടുത്ത ആശങ്കയോടെ മനുഷ്യാവകാശ പ്രവർത്തകർ.
വാഷിംഗ്ടൺ : അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് (ICE) എതിരെ 2025 ജൂണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് പ്രതിഷേധക്കാർ കുറ്റക്കാരാണെന്ന് വാഷിംഗ്ടണിലെ ഫെഡറൽ ജൂറി വ്യാഴാഴ്ച കണ്ടെത്തി. അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത മുൻ യുഎസ് സൈനികൻ ബാജുൻ മാവൽവല്ല ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്.
ട്രംപ് ഭരണകൂടം പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഭരണഘടനാ അവകാശങ്ങൾക്കും മേൽ നടത്തുന്ന കടുത്ത കടന്നുകയറ്റമാണിതെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ വിധിയനുസരിച്ച് ഇവർക്ക് ആറ് വർഷം വരെ തടവുശിക്ഷയും 250,000 ഡോളർ പിഴയും ലഭിച്ചേക്കാം. ഇതിനെതിരെ പ്രതിഭാഗം അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുടിയേറ്റക്കാരെ നിയമവിരുദ്ധമായാണ് ഐസ് അധികൃതർ തടഞ്ഞുവെച്ചിരുന്നതെന്നും പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഈ കേസിന്റെ കുറ്റപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഈസ്റ്റേൺ വാഷിംഗ്ടണിലെ ആക്ടിങ് യുഎസ് അറ്റോർണി റിച്ചാർഡ് ബാർക്കർ നേരത്തെ രാജിവെച്ചിരുന്നു. ആഭ്യന്തരയുദ്ധ കാലത്തെ ഒരു പഴയ നിയമം (Civil War-era law) ഉപയോഗിച്ചാണ് ഈസ്റ്റേൺ വാഷിംഗ്ടണിൽ ആദ്യമായി ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്തതെന്നും ഇത് നീതിയുക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ, വിചാരണയ്ക്കിടയിൽ സാക്ഷി പറഞ്ഞ ഒരു ഐസ് ഏജന്റ് മുൻപ് സോഷ്യൽ മീഡിയയിലൂടെ കറുത്തവർഗ്ഗക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കുമെതിരെ വംശീയവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയിരുന്നതായും വെളിപ്പെട്ടു. എങ്കിലും, യാഥാസ്ഥിതിക ചിന്താഗതിക്കാരായ ഈസ്റ്റേൺ വാഷിംഗ്ടണിലെ ജൂറിയെ ഈ വസ്തുതകളൊന്നും സ്വാധീനിച്ചില്ല. ഷിക്കാഗോയിൽ സമാനമായ കേസിൽ പ്രതിഷേധക്കാർക്കെതിരെയുള്ള ഗൂഢാലോചന കുറ്റങ്ങൾ ഒഴിവാക്കിയ ചരിത്രമുണ്ടായിരിക്കെ, വാഷിംഗ്ടണിലെ ഈ വിധി ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ഭാവിക്ക് വലിയ ഭീഷണിയാണെന്ന് നിയമവിദഗ്ദ്ധർ ആശങ്കപ്പെടുന്നു.