Sathyian Nedumancherriyil

Subject : ഡാളസിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൻ സ്ഫോടനവും തീപിടിത്തവും; ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ദരുണ മരണം!

ഡാളസിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൻ സ്ഫോടനവും തീപിടിത്തവും; ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ദരുണ മരണം!

ഡാളസ് (യൂ.എസ്.എ):ഡാളസിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ ശക്തമായ ഗ്യാസ് പൊട്ടിത്തെറിയെത്തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ചയുണ്ടായ ഈ ദരുണ ദുരന്തത്തിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മുതിർന്ന സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഡാളസ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം അറിയിച്ചു.

കൂടാതെ പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകാശത്തേക്ക് കറുത്ത പുക ഉയർന്ന പ്രദേശത്ത് നൂറോളം അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മണിക്കൂറുകളോളം പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കിയത്. അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിലും അധികൃതർ നടത്തിവരികയാണ്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ചുവരുകളിൽ നിന്ന് സാധനങ്ങൾ തെറിച്ചുവീണതായും ഭൂകമ്പത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ജോലി കഴിഞ്ഞ് മടങ്ങിവന്ന പലരും തങ്ങളുടെ വളർത്തുമൃഗങ്ങളും സമ്പാദ്യങ്ങളുമെല്ലാം തീയിൽ കരിഞ്ഞുപോയതിന്റെ കടുത്ത ആഘാതത്തിലാണ്.

പ്രകൃതിവാതകം (Natural Gas) ചോർന്നതാണ് സ്ഫോടനത്തിന് പ്രാഥമിക കാരണമെന്നാണ് ഫയർ റെസ്ക്യൂ അസിസ്റ്റന്റ് ചീഫ് ജെയിംസ് റസ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഡാളസ് മേയർ എറിക് ജോൺസൺ, പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും പ്രാർത്ഥനകളും അറിയിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.