തുറന്നില്ലെങ്കിൽ നരകമാക്കും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ലോകം യുദ്ധഭീതിയിൽ.
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ തുറന്നുകൊടുത്തില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും രാജ്യം നരകതുല്യമാകുമെന്നുമാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയത്.
അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ട്രംപിന്റെ ഈ കടുത്ത പരാമർശം. എന്നാൽ അമേരിക്കയുടെ ഇത്തരം വിവേകശൂന്യമായ നീക്കങ്ങൾ മേഖലയെയാകെ തകർക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് തിരിച്ചടിച്ചു. യുദ്ധം തുടങ്ങി ഇതുവരെ ഇറാനിലെ 81,000-ത്തോളം സിവിലിയൻ കേന്ദ്രങ്ങൾ തകർക്കപ്പെട്ടതായാണ് കണക്കുകൾ.
ഇതിൽ 61,000 വീടുകളും 275 മെഡിക്കൽ സെന്ററുകളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ടെഹ്റാനിലെ പ്രധാനപ്പെട്ട ബി1 സസ്പെൻഷൻ പാലം തകർത്തത് ഇറാന്റെ അഭിമാനത്തിന് മേലുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, തങ്ങൾ സമാധാന ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ജനീവ കൺവെൻഷൻ പ്രകാരം സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആക്രമണം തുടരാനാണ് അമേരിക്കയുടെ നീക്കം.